പട്ന: ബിഹാറില്‍ സർക്കാർ എൻജിനീയറിങ് കോളജിലെ മെസില്‍ വിളമ്പിയ അത്താഴത്തില്‍ പാമ്പിന്റെ വാല്‍ക്കഷ്ണം കണ്ടെത്തിയതായി പരാതി.
ഭക്ഷണം കഴിച്ച് ഛർദിയും ഓക്കാനവും അനുഭവപ്പെട്ട 11 വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബങ്കയിലെ സർക്കാർ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വിദ്യാർഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോ.അനിതാ കുമാരി പറഞ്ഞു. പാമ്പിന്റെ വാല്‍കഷ്ണമുള്ള ഭക്ഷണത്തിന്റെ ചിത്രങ്ങളും വിദ്യാർഥികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ ഭക്ഷണം വിതരണം ചെയ്യുന്നവരെ മാറ്റാനും പാമ്പിന്റെ വാല്‍ കണ്ടെത്തിയ സംഭവത്തില്‍ പിഴ ഈടാക്കാനും തീരുമാനിച്ചതായി സബ് ഡിവിഷണല്‍ ഓഫീസർ അവിനാഷ് കുമാർ പറഞ്ഞു. സംഭവത്തില്‍ കോളജ് അധികൃതർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രിൻസിപ്പലും അധ്യാപകരും എല്ലാ ദിവസവും വിദ്യാർഥികളോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഭരണകൂടം നിർബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.