യു.പി യിൽ മത ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 107 ആയി

ലഖ്നോ: യു.പിയില്‍ മതചടങ്ങിനിടെയുണ്ടായ തിരക്കില്‍ മരിച്ചവരുടെ എണ്ണം 107 ആയി. ഹാഥ്റാസില്‍ നടന്ന മതചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അപകടത്തില്‍ 100ലേറെ പേർ മരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് ആശിഷ് കുമാർ സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഹാഥ്റാസിലെ ഒരു ഗ്രാമത്തിലെ പരിപാടിക്കിടെയാണ് തിക്കും തിരക്കും ഉണ്ടായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിങ് പ്രതികരിച്ചു. ആളുകളുടെ എണ്ണം കൂടിയതാണ് അപകടമുണ്ടാവാൻ കാരണമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഭഗവാൻ ശിവന് വേണ്ടി നടത്തിയ പ്രാർഥന യോഗത്തിനിടെയാണ് സംഭവമുണ്ടായത്. മാനവ് മംഗല്‍ മിലൻ സദ്ഭാവന സംഗമം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ഒരുപാട് ആളുകള്‍ പരിപാടിക്കായി എത്തിയിരുന്നുവെന്ന് അപകടത്തിന് ദൃക്സാക്ഷിയായ ഒരാള്‍ പറഞ്ഞു. പരിപാടിക്ക് ശേഷം എല്ലാവരും കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങി. എന്നാല്‍, പുറത്തേക്കുള്ള വഴിക്ക് വീതി കുറവായിരുന്നു. അതിലൂടെ പുറത്തിറങ്ങുന്നതിനിടെയാണ് തിക്കും തിരക്കും ഉണ്ടായത്. അപകടത്തില്‍ എത്ര പേർ മരിച്ചുവെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, അപകടത്തില്‍ അനുശോചനവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ. അപകടത്തില്‍ ത്വരിത നടപടികള്‍ സ്വീകരിക്കാൻ നിർദേശിച്ചതായി അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *