പാര്‍ട്ടി പറഞ്ഞാല്‍ വയനാട്ടില്‍ വീണ്ടും മത്സരിക്കുമെന്ന് കെ സുരേന്ദ്രൻ; പാര്‍ട്ടി തകര്‍ന്ന് തരിപ്പണമായിട്ടും സിപിഎം പാഠം പഠിച്ചില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിത്വം സംബന്ധിച്ച്‌ ബിജെപിയില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാല്‍ വയനാട്ടില്‍ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം, എസ്‌എഫ്‌ഐക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനമാണ് കെ സുരേന്ദ്രൻ ഉയർത്തിയത്. എസ്‌എഫ്‌ഐ ലക്ഷണമൊത്ത ഭീകര സംഘടനയെ പോലെ പ്രവർത്തിക്കുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ക്യാമ്പസുകളിൽ എസ്‌എഫ്‌ഐ ഗുണ്ടായിസം വ്യാപിക്കുന്നു. നേതാക്കള്‍ പ്രവർത്തകരെ കയറൂരി വിടുകയാണ്. മുഖ്യമന്ത്രി മൗനം വെടിയണം. അല്‍പമെങ്കിലും ആത്മാർത്ഥത ആഭ്യന്തരമന്ത്രിയെന്ന നിലയിലുണ്ടെങ്കില്‍ പ്രില്‍സിപ്പലിനെ ആക്രമിച്ച കൊടും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും സിപിഎമ്മും എസ്‌എഫ്‌ഐ ക്രിമിനലുകളെ സംരക്ഷിക്കുന്നു. പാർട്ടി തകർന്ന് തരിപ്പണമായിട്ടും സിപിഎം പാഠം പഠിച്ചില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *