കല്‍പ്പറ്റ: വയനാട്ടില്‍ വനം വകുപ്പിനു കീഴിലുള്ള പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപില്‍ വിഭാവനം ചെയ്ത വികസന പ്രവൃത്തികള്‍ അനിശ്ചിതത്വത്തില്‍. ഹൈക്കോടതി ഇടപെടലാണ് ഇതിനു ആധാരം. അനുമതി നേടാതെ ദ്വീപില്‍ നിർമാണം അരുതെന്നാണ് കോടതി നിർദേശം. കഴിഞ്ഞ 26ന് സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർദേശം നല്‍കിയത്. ദ്വീപില്‍ നിർമാണത്തിനു അനുമതി നല്‍കിയതു സംബന്ധിച്ച് കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് കുറുവ വിനോദസഞ്ചാര കേന്ദ്രം. ഇവിടെ കേന്ദ്രാവിഷ്കൃത നഗരവനം പദ്ധതിയില്‍ രണ്ടു കോടി രൂപയുടെ പ്രവൃത്തിയാണ് ആസൂത്രണം ചെയ്തത്. ഔഷധത്തോട്ടം, ഹാങ്ങിംഗ് ഗാർഡൻ, ഇന്‍റർപ്രട്ടേഷൻ സെന്‍റർ, ശുചിമുറികള്‍, പാർക്കിംഗ് ഏരിയ, ദ്വീപിനെയും ജെവവൈവിധ്യത്തെയും കുറിച്ചു പഠനം നടത്തുന്നവരുടെ താമസത്തിനു സൗകര്യം, ബാംബൂ മ്യൂസിയം തുടങ്ങിയവ പ്രവൃത്തികളില്‍ ഉള്‍പ്പെടും. കോടതി അനുവദിക്കാതെ പ്രവൃത്തികള്‍ നടത്താൻ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. കേരള പോലീസ് ഹൗസിംഗ് കോ ഓപറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി ചുമതല. ജില്ലയില്‍ വനം വകുപ്പിനു കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഫെബ്രുവരി രണ്ടാം പകുതി മുതല്‍ അടച്ചിട്ടിരിക്കയാണ്. കുറുവ ഇക്കോ ടൂറിസം സെന്‍റർ താത്കാലിക ജീവനക്കാൻ പാക്കം വെള്ളച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടർന്ന് പുല്‍പ്പള്ളിയിലുണ്ടായ ജനകീയ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചത്. സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മീൻമുട്ടി വെള്ളച്ചാട്ടം, ബാണാസുര ട്രക്കിംഗ് സെന്‍റർ, വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി, മുത്തങ്ങ റേഞ്ചുകളുടെ ഭാഗങ്ങള്‍ എന്നിവയും ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രവർത്തനം വനം-വന്യജീവി വകുപ്പ് നിർത്തിവച്ചതിനുശേഷമാണ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇനി ഉത്തരവ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് ഹൈക്കോടതി ഉത്തരവായത്. മറ്റൊരു കേസ് പരിഗണിക്കവേയായിരുന്നു ഉത്തരവ്. ഇതിനെതിരേ ടൂറിസം കൂട്ടായ്മ സമർപ്പിച്ച ഹരജിയില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണം കുറയ്ക്കല്‍, ടിക്കറ്റ് നിരക്ക് വർധിപ്പിക്കല്‍ തുടങ്ങിയ നിർദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചത്. ഹരജി തീർപ്പാക്കിയിട്ടില്ല. വനം വകുപ്പിനു കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നത് ജില്ലയില്‍ ടൂറിസം രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ടൂറിസം സംരംഭകരും വിനോദസഞ്ചാരകേന്ദ്രങ്ങളെ നേരിട്ടും അല്ലാതെയും ഉപജീവനത്തിനു ആശ്രയിക്കുന്നവരും പ്രയാസത്തിലാണ്. സംസ്ഥാനത്ത് ജില്ലയില്‍ മാത്രമാണ് മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുന്നത്.