കൊച്ചി: നെടുമ്പാശ്ശേരി കേന്ദ്രീകരിച്ചുള്ള രാജ്യാന്തര അവയവക്കടത്ത് കേസിന്റെ അന്വേഷണം ഏറ്റെടുത്ത് എൻഐഎ. രാജ്യാന്തര തലത്തില്‍ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണ് എൻഐഎ കേസ് ഏറ്റെടുത്തത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് അനുമതി കിട്ടിയതോടെ കൊച്ചിയിലെ എൻഐഎ കോടതിയില്‍ കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികള്‍ പൂർത്തിയാക്കി. നിലവില്‍ ആലുവ റൂറല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മെയ് 18-നാണ് അവയവക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ നാസർ സാബിത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് എമിഗ്രേഷൻ വിഭാഗം പിടികൂടി പൊലീസിന് കൈമാറിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് അവയവക്കടത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇയാളോടൊപ്പമുണ്ടായിരുന്ന കൊച്ചി സ്വദേശി സജിത്ത്, ഹൈദരാബാദ് സ്വദേശി രാമപ്രസാദ് എന്നിവരെയും അന്വേഷണ സംഘം പിന്നീട് പിടികൂടിയിരുന്നു. ഇറാനിലുള്ള കൊച്ചി സ്വദേശി മധുവിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം ഇതുവരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തതോടെ ഇക്കാര്യത്തില്‍ വേഗത കൈവരുമെന്നാണ് പ്രതീക്ഷ.