ന്യൂഡല്‍ഹി: സുരക്ഷ കാരണങ്ങളാല്‍ ന്യൂനപക്ഷ വിഭാഗമായ കുക്കി സമുദായത്തില്‍പ്പെട്ട വിചാരണത്തടവുകാരനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാത്തതില്‍ മണിപ്പൂർ സർക്കാറിനെ വിമർശിച്ച് സുപ്രീംകോടതി.സംസ്ഥാനത്തെ വിശ്വസിക്കുന്നില്ലെന്ന് രൂക്ഷമായ സ്വരത്തില്‍ കോടതി പറഞ്ഞു. തനിക്ക് പൈല്‍സും ക്ഷയരോഗവും ഉണ്ടെന്നും കടുത്ത നടുവേദനയുണ്ടായിട്ടും ജയില്‍ ഉദ്യോഗസ്ഥർ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും ചൂണ്ടിക്കാട്ടി ലുങ്കോംഗം ഹാവോകിപ് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ഉജ്ജല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാറിനെ വിമർശിച്ചത്. “‘ഞങ്ങള്‍ക്ക് സംസ്ഥാന സർക്കാറിനെ വിശ്വാസമില്ല. കുക്കി സമുദായത്തില്‍പ്പെട്ടതിനാലാണ് പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്തത്. വളരെ സങ്കടകരമാണ് ഇത്. അയാളെ പരിശോധിക്കാൻ നിർദേശിക്കുകയാണ്. മെഡിക്കല്‍ റിപ്പോർട്ടില്‍ ഗുരുതരമായ എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ നിങ്ങള്‍ ഉത്തരവാദികളായിരിക്കും” -ബെഞ്ച് പറഞ്ഞു. ചികിത്സക്കായുള്ള നിരന്തര അഭ്യർഥനകള്‍ ജയില്‍ ഉദ്യോഗസ്ഥർ അവഗണിച്ചതായി തടവുകാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തടവുകാരനെ ഗുവാഹതി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി പരിശോധന നടത്താൻ ജയില്‍ സൂപ്രണ്ടിനും സർക്കാറിനും സുപ്രീംകോടതി നിർദേശം നല്‍കി. ജൂലൈ 15നു മുമ്പ് മെഡിക്കല്‍ റിപ്പോർട്ട് സമർപ്പിക്കാനും ചികിത്സ ചെലവ് ഉള്‍പ്പെടെ നല്‍കാനും കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നില പരിഗണിക്കുമ്പോൾ കുക്കി സമുദായത്തില്‍പ്പെട്ട തടവുകാരനെ ആശുപത്രിയിലേക്ക് മാറ്റുന്നത് അപകടകരമായിരിക്കുമെന്നാണ് സർക്കാറിന്റെ വാദം.