ബത്തേരി: നഗരസഭ ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതിയുടെ ഭാഗമായി നിയമിച്ച ഊരുകൂട്ടം വോളണ്ടിയർമാർക്കായി ഓറിയന്‍റേഷൻ ക്ലാസ് നടത്തി. ഡയറ്റ് സീനിയർ ലക്ചറർ ഡോ.ടി. മനോജ്കുമാർ ക്ലാസ് നയിച്ചു. ഇതോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ വോളണ്ടിയർമാർക്കുള്ള നിയമന ഉത്തരവ് മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ് കൈമാറി. എഇഒ ബി.ജെ. ഷിജിത, എടിഡിഒ എം. മജീദ്, നിർവഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുള്‍ നാസർ എന്നിവർ പ്രസംഗിച്ചു. ഗോത്രവിഭാഗങ്ങളിലെ മുഴുവൻ കുട്ടികളെയും വിദ്യാലയങ്ങളില്‍ എത്തിക്കുന്നതിനു ആവിഷ്കരിച്ചതാണ് ഔട്ട് ഫ്രീ പദ്ധതി. കഴിഞ്ഞ രണ്ട് അധ്യയന വർഷം പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു. കുട്ടികളുടെ കലാ-കായിക ശേഷി പരിപോഷിപ്പിക്കുന്നതിനു പരിപാടികള്‍, മോട്ടിവേഷൻ ക്ലാസ്, മികവിനു പ്രോത്സാഹനം, പ്രത്യേക ട്രൈബല്‍ പിടിഎ യോഗങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്.