വെള്ളമുണ്ട: ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രകൃതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘മഴ നനഞ്ഞു മലകയറാം’ പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു. വാളാരംകുന്ന് മലമുകളിലേക്ക് നടത്തിയ യാത്ര വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് ചെയ്തു. എച്ച്.എം സന്തോഷ് കെ. കെ അധ്യക്ഷത വഹിച്ചു. അബ്ദുൾ സലാം, നാസർ സി.ടി, ഡോ.ഗോവിന്ദ് രാജ് തുടങ്ങിയവർ പ്രസംഗിച്ചു. നൂറോളം വിദ്യാർത്ഥികൾ യാത്രയിൽ പങ്കെടുത്തു. പ്രകൃതിയേയും ഗോത്ര സംസ്‌കൃതിയേയും തൊട്ടുതലോടിയുള്ള മഴയാത്ര വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി മാറി. ശ്രദ്ധേയമായ ആവാസവ്യവസ്ഥയെയും സാംസ്കാരിക ഭൂപ്രകൃതിയെയും സംരക്ഷിക്കുന്നതിനും പരിസ്ഥിതി സഹവർത്തിത്വം വളർത്തുന്നതിനും, പ്രകൃതിയെ വിലമതിക്കാനും കണ്ടെത്താനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾക്ക് പുതിയ തലമുറയെ പ്രാപ്തരാക്കാൻ വിദ്യാഭ്യാസത്തെ ഉപയോഗിക്കുവാൻ സാധിക്കണമെന്ന് ജുനൈദ് കൈപ്പാണി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.