കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ തീവ്ര പരിശോധനയുമായി സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ്. മക്കിമലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴി ബോംബ് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടികള്‍ കർശനമാക്കിയത്. കേസ് വൈകാതെ എൻഐഎ ഏറ്റെടുക്കും. മക്കമലയിലേതിനും സമാനമായി മറ്റിടങ്ങളിലും സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് പ്രത്യേക പരിശോധന. സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ്, തണ്ടർബോള്‍ട്ട്, കണ്ണൂർ, വയനാട് ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. ജൂണ്‍ 25ന് കുഴി ബോംബ് കണ്ടെത്തിയ കൊടക്കാടിന് പുറമെ, കമ്പമല, മേലേ തലപ്പുഴ എന്നിവിടങ്ങളിലും പരിശോധിക്കുന്നുണ്ട്.