കല്‍പ്പറ്റ: വയനാട്ടിലെ ഗോത്ര വിഭാഗങ്ങളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമാക്കിയുള്ള ‘ആരോഗ്യം നമുക്കായി’ എന്ന ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായി. ജില്ലാ ഭരണകൂടം, പട്ടികവര്‍ഗ വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, യൂണിസെഫ്, ‘എന്‍ ഊരു’ ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ‘ആരോഗ്യം നമുക്കായി’ എന്ന ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം കുറിച്ചത്. വയനാട് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഐഎഎസ് അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സബ് ക്‌ളക്ടര്‍ മിസാല്‍ സാഗര്‍ ഭരത് ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.
‘ആരോഗ്യം നമുക്കായി’ എന്നതിലൂടെ കൃത്യമായ പ്രാഥമിക ആരോഗ്യ പരിപാലനത്തെക്കുറിച്ചും പോഷകാഹാര പ്രാധാന്യത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും വ്യക്തമായ ധാരണ നല്‍കുന്ന 8 അവബോധ വിഡിയോകള്‍ ആണ് നിര്‍മ്മിച്ചത്. സിക്കില്‍ സെല്‍ അനീമിയ, ഗര്‍ഭ കാലത്തെ പരിചരണം, നവജാത ശിശുക്കളുടെ പരിചരണം, ശരിയായ മുലയൂട്ടല്‍, പോഷണം, ആര്‍ത്തവ കാലത്തെ ശുചിത്വം, തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് വിഡിയോകള്‍ നിര്‍മിച്ചത്. അഡ്വെര്‍ടൈസിങ് ഏജന്‍സിയായ ടെന്‍ പോയിന്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ‘ആരോഗ്യം നമുക്കായി’ എന്ന ഈ ക്യാമ്പയിന് ആവശ്യമായ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ തയ്യാറാക്കിയത്.
മാത്രവുമല്ല വ്യക്തമായ അറിവുകള്‍ നല്കുന്നതിനായി അവരുടെ പ്രാദേശിക ഭാഷകളായ അടിയ , പണിയ , കാട്ടുനായ്ക്ക , ഊരാളി എന്നീ ഗോത്ര ഭാഷകളിലാണ് വിഡിയോകള്‍ തയ്യാറാക്കിയത്. വീഡിയോകളില്‍ സംഭാഷണം നല്‍കിയതും ഗോത്ര വിഭാഗത്തില്‍പെട്ട ആളുകള്‍ തന്നെയായിരുന്നു.