തിരുവനന്തപുരം: ആദ്യ വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ സൂപ്പര്‍ ഹിറ്റായതോടെയാണ് രണ്ടാമതൊന്ന് കൂടി സംസ്ഥാനത്തിന് റെയില്‍വേ അനുവദിച്ചത്. തിരുവനന്തപുരം – മംഗളൂരു, കാസര്‍കോട്- തിരുവനന്തപുരം റൂട്ടിലാണ് നിലവില്‍ വന്ദേഭാരതിന്റെ കേരളത്തിലെ സര്‍വീസുകള്‍. ഒക്കുപ്പന്‍സി റേറ്റില്‍ രാജ്യത്ത് മറ്റേത് സംസ്ഥാനത്തേക്കാള്‍ മുന്നിലാണ് കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളും. അതുകൊണ്ട് തന്നെ മൂന്നാമതൊരു വന്ദേഭാരതിനുള്ള കേരളത്തിന്റെ ആവശ്യം ന്യായവുമാണ്. ഇപ്പോഴിതാ റെയില്‍വേ നല്‍കുന്ന സൂചന പ്രകാരം എറണാകുളം – ബംഗളൂരു വന്ദേഭാരത് ട്രെയിന്‍ രണ്ട് മാസത്തിനകം സര്‍വീസ് ആരംഭിക്കുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കര്‍ണാടക-കേരള ട്രാവലേഴ്‌സ് ഫോറം ഭാരവാഹികള്‍ ദക്ഷിണ പശ്ചിമ റെയില്‍വേ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡി.ആര്‍.എം) ഓഫിസില്‍ ഡിവിഷണല്‍ ഓപറേഷന്‍സ് മാനേജര്‍ (ഡി.ഒ.എം) നൈനിശ്രീ രംഗനാഥ് റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വന്ദേഭാരതിന്റെ കേരള സര്‍വിസ് സംബന്ധിച്ച് മറുപടി നല്‍കിയത്. എറണാകുംളം – ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനായി കൊണ്ടുവന്ന വന്ദേഭാരത് റേക്കുകള്‍ മാസങ്ങളോളം കൊല്ലത്ത് വെറുതെ കിടന്നിരുന്നു. സ്‌പെഷ്യല്‍ ട്രെയിന്‍ എന്ന പേരില്‍ കഴിഞ്ഞയാഴ്ച ഇത് കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. ഈ റേക്കുകളാണ് ഇപ്പോള്‍ മധുര – ബംഗളൂരു സ്‌പെഷ്യല്‍ ആയി ഉപയോഗിക്കുന്നതെന്നും റെയില്‍വേയെ ട്രാവല്‍ ഫോറം പ്രതിനിധികള്‍ അറിയിച്ചിരുന്നു. താത്കാലികമായി റദ്ദാക്കിയ യശ്വന്ത്പൂര്‍-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ് സര്‍വിസ് പുനരാരംഭിക്കാന്‍ ശ്രമിക്കാമെന്നും ഓണക്കാല അവധി ട്രെയിന്‍ ഒരുമാസം മുമ്പേ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. ബംഗളൂരു മലയാളികളെ സംബന്ധിച്ച് നാട്ടിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയും സ്വകാര്യ ബസ് ലോബികളുടെ കഴുത്തറപ്പന്‍ റേറ്റ് ഈടാക്കലില്‍ നിന്നും വലിയ ആശ്വാസമാകും പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ്.