ഗൗരവമേറിയ വായനക്ക് പ്രചോദനം നൽകികൊണ്ട് ജില്ലയിൽ വിപുലമായ വായനാവാരാചരണ പരിപാടികൾ നടന്നു. വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശവുമായി വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സമിതി, സംസ്കാര ഗ്രന്ഥശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പടിഞ്ഞാറത്തറ ഗവ ഹൈസ്കൂളിൽ നടന്ന വായന പക്ഷാചരണ സമാപനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ നവോത്ഥാനത്തിൽ വായനാ സംസ്കാരത്തിന് വലിയ പങ്ക് വഹിക്കാനായെന്ന് കുഞ്ഞിക്കണ്ണൻ വാണിമേൽ പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ഐ.വി ദാസ് അനുസ്മരണവും നടന്നു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.കെ രവീന്ദ്രൻ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് സമിതിയുടെ കീഴിൽ വിവിധ മേഖലയിലെ മികച്ച പ്രതിഭകളെ പരിപാടിയിൽ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ എം ദിവാകരൻ, കെ.എം രാഘവൻ, പടിഞ്ഞാറത്തറ പഞ്ചായത്ത് സമിതി കൺവീനർ എ അബ്ദു റഹ്മാൻ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സൗമ്യ മത്തായി, എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ പ്രതിനിധികൾ, പഞ്ചായത്ത് സമിതി പ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ഉപന്യാസ മത്സരം ജൂലൈ 10 ന്
വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരം ജൂലൈ 10 ന് രാവിലെ 10.30 ന് കളക്‌ട്രേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. എട്ടാം തരം മുതല്‍ പത്താം തരം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04936 202529, 7510809531