കൽപ്പറ്റ: അമ്പുകുത്തി-കൃഷ്ണപുരം-കല്ലേരി-കോട്ടൂര്‍ പിഎംജിഎസ്‌വൈ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് തത്പര കക്ഷികള്‍ വ്യക്തിഹത്യ ചെയ്യുന്നതായി അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്‌സത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. രണ്ട് വ്യക്തികള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത് റോഡ് പ്രവൃത്തി തുടങ്ങാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതായി അവര്‍ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതില്‍ താന്‍ പ്രതിനിധാനം ചെയ്യുന്നതാണ് കോട്ടൂര്‍ പ്രദേശം ഉള്‍പ്പെടുന്ന പത്താം വാര്‍ഡ്. 2020ല്‍ യുഡിഎഫ് പഞ്ചായത്ത് ഭരിക്കുമ്പോള്‍ തയാറാക്കിയതാണ് 8.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അമ്പുകുത്തി-കോട്ടൂര്‍ റോഡ് അലൈന്‍മെന്റും ഡിപിആറും. കല്ലേരിക്കടുത്ത് തോമാട്ടുചാലില്‍ റോഡ് അവസാനിക്കുന്ന വിധത്തിലാണ് ഡിപിആര്‍. എന്നാല്‍ കോട്ടൂരില്‍ അവസാനിക്കുന്ന വിധത്തില്‍ തയാറാക്കിയ അലൈന്‍മെന്റിലും ഡിപിആറിലും പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ഇടപെട്ട് മാറ്റം വരുത്തിയെന്നാണ് ചിലര്‍ ആരോപിക്കുന്നത്. ഇതില്‍പ്പെട്ടവരാണ് റോഡ് പ്രവൃത്തി കോട്ടൂരില്‍ അവസാനിക്കുന്ന വിധത്തിലാകുന്നതിന് ഉത്തരവ് തേടി ഹൈക്കോടതിയെ സമീപിച്ചത്. റോഡ് നിര്‍മാണത്തിന് ടെന്‍ഡര്‍ കഴിഞ്ഞ് എഗ്രിമെന്റ് വയ്ക്കാനിരിക്കേയാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കേസ് തീര്‍പ്പാകാതെ പ്രവൃത്തി തുടങ്ങാനാകില്ല. കേസ് തീരാന്‍ ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കും. രാഷ്ട്രീയ പകപോക്കലാണ് കേസിനു പിന്നിലുള്ളവരുടെ ലക്ഷ്യം. കല്ലേരിയില്‍ നിന്നു കോട്ടൂരിലേക്കുള്ള റോഡിന് ആറു മീറ്റര്‍ വീതിയും 670 മീറ്റര്‍ നീളവുമാണ് ഉള്ളത്. എന്നാല്‍ കല്ലേരിയില്‍ നിന്നു തോമാട്ടുചാലിലേക്കുള്ള 1.75 കിലോമീറ്റര്‍ റോഡിന് എട്ട് മീറ്റര്‍ വീതിയുണ്ട്. തോമാട്ടുചാലില്‍ അവസാനിക്കുന്ന വിധത്തില്‍ പ്രവൃത്തി നടത്തുന്നതാണ് കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുക. കല്ലേരി-കോട്ടൂര്‍ റോഡ് റീ ടാറിംഗിന് പഞ്ചായത്ത് എട്ടര ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അമ്പുകുത്തി-കോട്ടൂര്‍ റോഡിന്റെ ടെന്‍ഡര്‍ അഞ്ചുതവണ വിളിച്ചിട്ടും പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറായില്ല. ഈ അവസരത്തില്‍ പ്രവൃത്തി ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിരുന്നു. ഇതിനെയാണ് അലൈന്‍മെന്റും ഡിപിആറും മാറ്റി തയാറാക്കിക്കുന്നതിനുള്ള ഇടപെടലായി ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. ഹൈക്കോടതിയിലുള്ള കേസ് പിന്‍വലിക്കാന്‍ ഹര്‍ജി ഫയല്‍ ചെയ്തവരും അവര്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരും തയാറാകുന്നതാണ് നാടിന്റെ നന്‍മയ്ക്കു ആവശ്യമെന്നും പ്രസിഡന്റ് പറഞ്ഞു. സിപിഎം തോമാട്ടുചാല്‍ ലോക്കല്‍ സെക്രട്ടറി ഇ.എം. അബ്ദുള്‍ ഗഫൂര്‍ ഒപ്പമുണ്ടായിരുന്നു.