പുൽപള്ളി: കർണാടക വനാതിർത്തിയിൽ നിന്ന് കബനിപ്പുഴ കടന്നെത്തുന്ന കാട്ടാനകളുടെ അക്രമണം വ്യാപിച്ചിട്ടും വനം വകുപ്പ് നടപടികൾ എടുക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ രാത്രിയിൽ പ്രദേശത്തെ ശ്യാമള , നെടുങ്കാനത്ത് ഫ്രാൻസീസ് തുടങ്ങി നിരവധി പേരുടെ കൃഷികളാണ് നശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് നിത്യേന ആനകളെത്തി കൃഷി നശിപ്പിക്കുന്നുണ്ട്. കർണാടക അതിർത്തി കടന്ന് കൊളവള്ളി പ്രദേശത്താണ് സന്ധ്യമയങ്ങുന്നതോടെ കാട്ടാനകളെത്തി കൃഷി നശിപ്പിക്കുന്നത്. പുലർച്ചെയോടെയാണ് മടങ്ങി പോകുന്നത്. സ്ഥലത്തെ തൂക്കു വേലി സംരക്ഷിക്കാനാളില്ലാത്തതും വാച്ചർമ്മാരെ നിയമിക്കാത്തതുമെല്ലാം കാട്ടാനകളുടെ കടന്നാക്രമത്തിന് കാരണമാകുന്നുണ്ട്. പ്രദേശത്തെ മനുഷ്യജീവനുകൾക്ക് അധികൃതർ വില കല്പിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി പ്രശ്നത്തിൽ നടപടി വേണമെന്നവർ ആവശ്യപ്പെട്ടു.