ഗുരുഗ്രാം: ഏഴ് വയസുകാരനെ അമ്മയുടെ ലിവ് – ഇൻ പങ്കാളി എറിഞ്ഞ് കൊന്നു. ഹരിയാനയില്‍ ഗുരുഗ്രാമിലെ രാജേന്ദ്ര പാർക്ക് ഏരിയയില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കുട്ടിയുടെ ഒമ്പത് വയസുള്ള സഹോദരനും ഇയാളുടെ മർദനമേറ്റ് ചികിത്സയിലാണ്. കുട്ടികളുടെ അമ്മ പ്രീതി വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതി വിനീതിനെ പിടികൂടിയിട്ടുണ്ട്. ഭർത്താവ് വിജയ് കുമാറിന്റെ മരണ ശേഷമാണ് ഉത്തർപ്രദേശ് ബിജ്‌നൂർ സ്വദേശിയായ വിനീത് ചൗധരി എന്നയാള്‍ക്കൊപ്പം പ്രീതി താമസമാരംഭിച്ചത്. വിനീതിനും മക്കളായ മനു (ഏഴ്), പ്രീത് (ഒമ്ബത്) എന്നിവരോടൊപ്പം പ്രീതി ഗുരുഗ്രാമിലായിരുന്നു താമസം. ഇന്നലെ രാത്രി വീട്ടിലേക്ക് മദ്യപിച്ചെത്തിയ വിനീത് കുട്ടികളെ ക്രൂരമായി മർദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. രോക്ഷാകുലനായ ഇയാള്‍ മനുവിനെ പൊക്കി ചുമരിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രീതിനെയും എടുത്ത് ഉയർത്തി നിലത്തിട്ടു. ഇത് കണ്ടുകൊണ്ട് വീട്ടിലേക്കെത്തിയ പ്രീതി ഉടൻതന്നെ അയല്‍വാസികളെ വിവരമറിയിച്ചു. തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മനു മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രീത് ആശുപത്രിയില്‍ ചികിത്സയിലാണ്. തന്റെ മകൻ കഴിഞ്ഞ വർഷമാണ് മരിച്ചതെന്നും ശേഷം പ്രീതിയും മക്കളും വിനീതിനൊപ്പം താമസം ആരംഭിച്ചെന്നും വിജയ് കുമാറിന്റെ പിതാവ് പറഞ്ഞു. പ്രീതി ഇല്ലാത്തപ്പോള്‍ വിനീത് കുട്ടികളെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായ സ്വകാര്യ കമ്പനി ജീവനക്കാരനായ വിനീതിനെ ചോദ്യം ചെയ്‌ത് വരികയാണ്.