സുല്‍ത്താന്‍ ബത്തേരി: കെട്ടിയ തറയ്ക്കു സമീപത്തെ കൂറ്റന്‍ വെണ്ടേക്കും മറ്റുമരങ്ങളുടെ ശിഖരങ്ങളും മുറിച്ചുമാറ്റാത്തത് പട്ടികവര്‍ഗ വനിതയുടെ ഭവന നിര്‍മാണം അനിശ്ചിതത്വത്തിലാക്കി. കല്ലൂര്‍ പണപ്പാടിയിലെ കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട കല്യാണിയുടെ വീടുനിര്‍മാണമാണ് നടത്താന്‍ കഴിയാത്തത്. വയനാട് വന്യജീവി സങ്കേതത്തിനു അതിരിലാണ് കല്യാണിയുടെ താമസം. കാലപ്പഴക്കംമൂലം തകര്‍ന്നുവീഴാറായ വീട്ടില്‍ താമസിച്ചിരുന്ന കല്യാണിക്ക് ഒരു വര്‍ഷം മുമ്പാണ് നൂല്‍പ്പുഴ പഞ്ചായത്ത് പുതിയത് അനുവദിച്ചത്. ഇതേത്തുടര്‍ന്ന് പഴയത് പൊളിച്ചുനീക്കി പുതിയ വീടിനു തറ കെട്ടിയെങ്കിലും പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകാനായില്ല. വീടുപണി കരാര്‍ കൊടുക്കുകയാണ് കല്യാണി ചെയ്തത്. മരങ്ങളുടെ സാന്നിധ്യം ഭവന നിര്‍മാണത്തിന് വിഘാതമായത് വനപാലകരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സ്വന്തം നിലയില്‍ മുറിച്ചുനീക്കാനായിരുന്നു നിര്‍ദേശം. ഭവന നിര്‍മാണത്തിന് അനുവദിച്ചതില്‍നിന്നു മരംമുറിക്ക് പണം നീക്കിവയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കല്യാണി. പഴയ വീട് പൊളിച്ചതിനുശേഷം സമീപത്തു കെട്ടിയ ഷെഡ്ഡിലാണ് കല്യാണി കുറച്ചുകാലം താമസിച്ചത്. വന്യമൃഗങ്ങള്‍ ഭീഷണിയായതോടെ മകളുടെ വീടിന്റെ ചാര്‍ത്തിലേക്ക് മാറി. വീടുപണി പൂര്‍ത്തിയാക്കുന്നതിലെ തടസം നീക്കുന്നതിന് ജില്ലാ ഭരണകൂടം ഇടപെടണമെന്നാണ് കല്യാണിയുടെ ആവശ്യം.