ആകാശ് തില്ലങ്കേരിയുടെ വൈറൽ യാത്ര കേസാവും; വാഹന ഉടമയെ തിരിച്ചറിഞ്ഞു

കൽപ്പറ്റ: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ചുവപ്പുനിറമുള്ള തുറന്ന ജീപ്പില്‍ പനമരത്തുനടത്തിയ യാത്രയില്‍ മോട്ടോർവാഹനവകുപ്പ് കേസെടുക്കും. വാഹനത്തിന് രജിസ്ട്രേഷൻ നമ്പറില്ല, രൂപമാറ്റംവരുത്തി, വാഹനമോടിച്ച ആകാശ് തില്ലങ്കേരി സീറ്റ് ബെല്‍റ്റ് ധരിച്ചില്ല എന്നിവ മുൻനിർത്തിയായിരിക്കും കേസ്. വാഹനം മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണെന്നും രജിസ്ട്രേഷൻ നമ്പർ കെ.എല്‍. 10 ബി.ബി. 3724 ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ആകാശ് തില്ലങ്കേരി ഇൻസ്റ്റഗ്രാം റീല്‍ പങ്കുവെച്ചതോടെയാണ് യാത്ര വിവാദമായത്. പനമരം-മാനന്തവാടി റോഡില്‍ പനമരം ടൗണ്‍, നെല്ലാറാട്ട് കവല, ആര്യന്നൂർനട എന്നിവിടങ്ങളിലൂടെ വാഹനം ഓടിക്കുന്നതാണ് വീഡിയോയില്‍. വാഹനത്തിന്റെ ടയറുകള്‍ ഉള്‍പ്പെടെ മാറ്റിവെച്ചതാണെന്നു വ്യക്തം. മറ്റൊരു ആഡംബരവാഹനത്തില്‍ ഒപ്പം സഞ്ചരിച്ചവരാണ് ദൃശ്യം പകർത്തിയത്. നിയമം പാലിക്കാതെയുള്ള യാത്രയില്‍ നടപടിയെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദും മോട്ടോർവാഹനവകുപ്പിന് പരാതി നല്‍കി. അന്വേഷണത്തില്‍ ഇതേ വാഹനത്തിന്റെ പേരില്‍ സമാനകേസുകളുണ്ടെന്നു കണ്ടെത്തി. 2023 ഒക്ടോബറില്‍ വയനാട്ടില്‍ നിന്നു തന്നെ വാഹനയുടമയ്ക്ക് ഇ-ചെലാൻ അയച്ചിട്ടുണ്ട്. കോടതിയുടെ പരിഗണനയിലും കേസുകളുണ്ട്. എ.ഐ. ക്യാമറാ ദൃശ്യംകൂടി പരിശോധിച്ചതിനുശേഷം ചൊവ്വാഴ്ച കേസ് രജിസ്റ്റർചെയ്യുമെന്നും തുടർനടപടിയെടുക്കുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. കെ.ആർ. സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *