കൊച്ചി: പിതാവിനെ കാണാനായി കോടതിയുടെ പ്രത്യേക അനുമതിയോടെ കേരളത്തില്‍ എത്തിയ പിഡിപി നേതാവ് അബ്ദുള്‍ന്നാസര്‍ അദനിയെ ദേഹാസ്വാസ്ഥ്യംമൂലം കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചര്‍ദ്ദിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മൂലമാണ് അഡ്മിറ്റ് ചെയ്തത്. വിചാരണ തടവുകാരനായ മദനിക്ക് 12 ദിവസത്തെ യാത്രാനുമതിയാണ് ഉള്ളത്. കര്‍ണാടക പോലിസാണ് മദനിയുടെ കൂടെ സുരക്ഷക്കായി ഉള്ളത്.
ഇന്നലെയാണ് മദനി കേരളത്തിലെത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ അദേഹത്തിന് പിഡിപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി . ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ലഭിച്ചതോടെയാണ് മഅദനിക്ക് കേരളത്തില്‍ എത്താന്‍ കഴിഞ്ഞത്. ചികിത്സയിലുള്ള പിതാവിനെ കാണാന്‍ 12 ദിവസം കേരളത്തില്‍ തങ്ങാന്‍ മദനിക്ക് അനുമതിയുണ്ട്. ജൂലൈ ഏഴിന് ബംഗളൂരുവിലേക്ക് മടങ്ങും.
രോഗബാധിതനായ പിതാവിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രിം കോടതി അദ്ദേഹത്തിന് അനുമതി നല്‍കിയത്. കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍ പാലിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. കര്‍ണാടക പൊലീസിന്റെ സാന്നിധ്യത്തിലാണ് മദനി കേരളത്തിലേക്ക് വരേണ്ടത്. മദനിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ വന്‍ തുക ചിലവാകുമെന്നും ഇത് തങ്ങള്‍ക്ക് താങ്ങാനാകില്ലെന്നുമായിരുന്നു ആദ്യം കര്‍ണാടക പൊലീസ് സ്വീകരിച്ച നിലപാട്. ഭാരിച്ച ചെലവ് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ മദനിയുടെ കേരള യാത്ര നീളുകയായിരുന്നു. പിന്നീട് നിബന്ധനകളില്‍ കര്‍ണാടക സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് മദനിക്ക് കേരളത്തിലേത്ത് വരാന്‍ സാഹചര്യമൊരുങ്ങിയത്. 2008 ജൂലായ് 25 ന് ബംഗളൂരുവില്‍ നടന്ന ഒമ്പത് ബോംബ് സ്‌ഫോടന പരമ്പരയില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബംഗളൂരു സിറ്റി പൊലീസിന്റെ റിപ്പോര്‍ട്ടനുസരിച്ച്, ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് ആരോപിച്ചാണ് മഅദനിയെ കസ്റ്റഡിയിലെടുത്തത്. നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് 2014ല്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചത്. എന്നാല്‍ ഏഴ് വര്‍ഷത്തിലേറെയായി മഅദനിയുടെ വിചാരണ ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല
രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് തന്നെ വിചാരണ തടവുകാരനാക്കി പാര്‍പ്പിക്കുന്നതെന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് മുന്‍പായി മദനി പ്രതികരിച്ചു.