മാനന്തവാടി: കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി പനമരം ടൗണിലൂടെ സഞ്ചരിച്ച വാഹനം പനമരം പോലീസ് ഇൻസ്പെക്ടർ വി സിജിത്ത് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഓടിച്ച വാഹനം മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശപ്രകാരമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ വാഹനത്തിലുണ്ടായിരുന്ന വലിയ നാല് ടയറുകളും, മറ്റ് എക്സ്ട്രാ ഫിറ്റിംഗ്സുകളും അഴിച്ചുമാറ്റിയ നിലയിലാണുണ്ടായത്. എന്നാൽ ഇളക്കി മാറ്റിയ വാഹനത്തിൻ്റെ റൂഫ് പുനഃസ്ഥാപിച്ചിട്ടില്ല. വാഹനം ആർ ടി ഒ യ്ക്ക് കൈമാറുമെന്ന് പോലീസ് വ്യക്തമാക്കി. നിയമ ലംഘനത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പ്രസ്തുത വാഹനത്തിന് പിഴയീടാക്കുകയും, വാഹനം കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.