പ്ലസ് വൺ സീറ്റ് പ്രതിസന്ധി: അധിക ബാച്ചുകൾ അനുവദിച്ചു; മലപ്പുറത്ത് 120, കാസർഗോട്ട് 18

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മലപ്പുറത്ത് 120 അധിക ബാച്ചുകളും കാസർകോട്ട് 18 ബാച്ചുകളും അനുവദിക്കും. പുതിയ താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതിന് സർക്കാർ വിദ്യാലയങ്ങള്‍ മാത്രമേ പരിഗണിച്ചിട്ടുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.

മലപ്പുറം ജില്ലയില്‍ ഹ്യുമാനിറ്റിസിലും കോമേഴ്സിലുമാണ് പുതിയ ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. ഹ്യുമാനിറ്റിസ് ബാച്ചില്‍ 59-ഉം കോമേഴ്സില്‍ 61-ഉം ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ഒരു സയൻസ് ബാച്ചും നാല് ഹ്യുമാനിറ്റിസ് ബാച്ചും 13 കൊമേഴ്സ് ബാച്ചുകളുമാണ് കാസർകോട് ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. ഇരു ജില്ലകളിലുമായി 138 താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതിനായി 14.90 കോടി രൂപയുടെ സാമ്പത്തിക ബാധ്യത പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ഒന്നാം വർഷം പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റുകള്‍ പൂർത്തീകരിച്ച്‌ കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് മലപ്പുറം, കാസർകോട് ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ, മലപ്പുറം ജില്ലയില്‍ കുറവുള്ള സീറ്റുകളുടെ എണ്ണം പരിശോധിച്ച്‌ താത്ക്കാലിക അഡിഷണല്‍ ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച്‌ റിപ്പോർട്ട് ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടർ, മലപ്പുറം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സമർപ്പിച്ചിരുന്നു. കാസർകോട് ജില്ലയിലെ സ്ഥിതി കണ്ണൂർ വിദ്യാഭ്യാസ ഉപമേധാവിയും റിപ്പോർട്ട് സമർപ്പിച്ചു. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ലഭിച്ച അപേക്ഷകളും ലഭ്യമായ സീറ്റുകളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം, കാസർകോട് ജില്ലകളിലെ വിവിധ താലൂക്കുകളില്‍ താത്ക്കാലിക അധിക ബാച്ചുകള്‍ അടിയന്തിരമായി അനുവദിക്കുന്നത് ഉചിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും റിപ്പോർട്ട് ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *