നഞ്ചൻഗോഡ്-നിലമ്പൂർ റെയില്‍: കേന്ദ്ര ബഡ്ജറ്റിൽ തുക അനുവദിച്ചാൽ പദ്ധതി പാളം കയറും

കല്‍പ്പറ്റ: വയനാടിന്‍റെ ചിരകാല സ്വപ്നങ്ങളില്‍ ഒന്നായ ‍നഞ്ചൻഗോഡ് നിലമ്പൂർ-റെയില് പദ്ധതി യാഥാർഥ്യത്തോട് അടുക്കുന്നു. അടുത്ത ബജറ്റില്‍ കേന്ദ്ര സർക്കാർ തുക വകയിരുത്തുകയും സംസ്ഥാന സർക്കാർ നേത്തേ വാഗ്ദാനം ചെയ്തതുപോലെ പദ്ധതിച്ചെലവിന്‍റെ 50 ശതമാനം വഹിക്കുകയും ചെയ്താല്‍ വയനാടും റെയില്‍വേ ഭൂപടത്തില്‍ ഇടം പിടിക്കും. റെയില്‍ പദ്ധതിക്ക് അടുത്ത കേന്ദ്ര ബജറ്റില്‍ തുക അനുവദിക്കാൻ കേന്ദ്ര സർക്കാരില്‍ സമ്മർദം ചെലുത്തണമെന്ന് നീലഗിരി വയനാട് എൻഎച്ച്‌ ആൻഡ് റെയില്‍വേ ആക്‌ഷൻ കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതായി കണ്‍വീനർ അഡ്വ.ടി.എം. റഷീദ്, മറ്റു ഭാരവാഹികളായ വിനയകുമാർ അഴിപ്പുറത്ത്, പി.വൈ. മത്തായി, പി.പി. അയ്യൂബ്, ഫാ.ടോണി കോഴിമണ്ണില്‍, ജേക്കബ് ബത്തേരി, സി. അബ്ദുള്‍ റസാഖ്, അനില്‍, ജോയിച്ചൻ വർഗീസ്, ലക്ഷ്മണ്‍ ദാസ്, നാസർ കാസിം, ഐസണ്‍, സല്‍മാൻ എന്നിവർ പറഞ്ഞു.

റെയില്‍വേ പദ്ധതിച്ചെലവിന്‍റെ 50 ശതമാനം സംസ്ഥാനം വഹിക്കാമെന്ന് 2015ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഒന്നിച്ച്‌ റെയില്‍വേ മന്ത്രി സുരേഷ്പ്രഭുവിനെ സന്ദർശിച്ചാണ് രേഖാമൂലം ഉറപ്പുനല്‍കിയത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു റെയില്‍ പദ്ധതിക്കുവേണ്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ച്‌ കേന്ദ്രമന്ത്രിയെ കണ്ട് ഉറപ്പുനല്‍കിയത്. 2016ലെ സംസ്ഥാന ബജറ്റില്‍ റെയില്‍ പദ്ധതി പ്രഖ്യാപിച്ച്‌ ടോക്കണ്‍ വിഹിതം അനുവദിച്ചിരുന്നു. പ്രത്യേക ഹെഡ്‌ഓഫ് അക്കൗണ്ടും തുറന്നു. ഇതേത്തുടർന്ന് 2016ല്‍ത്തന്നെ ‍നഞ്ചൻഗോഡ് നിലമ്പൂർ-റെയില് പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നല്‍കി പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ തുടർന്നുണ്ടായ ദൗർഭാഗ്യകരമായ നീക്കങ്ങള്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനം എട്ട് വർഷത്തോളം തടസപ്പെടാൻ കാരണമായി.

കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുകയും കർണാടക സർക്കാർ സഹകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ മാർച്ച്‌, ഏപ്രില്‍ മാസങ്ങളിലാണ് റെയില്‍ പാതയുടെ അന്തിമ സ്ഥല നിർണയ സർവേയും ഉപഗ്രഹ ലിഡാർ സർവേയും റെയില്‍വേ മന്ത്രാലയം പൂർത്തിയാക്കിയത്. റെയില്‍വേ കോഡിനു അനുസൃതമായി ഡിപിആർ തയാറാക്കുന്നതിനു നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. കർണാടയിലെ ബന്ദിപ്പുര വനത്തിലും പരിസ്ഥിതി സംവേദക മേഖലകളിലും പാത പൂർണമായും തുരങ്കത്തിലൂടെ കടന്നുപോകുന്ന അലൈൻമെന്‍റാണ് തയാറാക്കുന്നത്. വരുന്ന ബജറ്റില്‍ തുക അനുവദിച്ചാല്‍ പാതയുടെ നിർമാണം ആരംഭിക്കാനാകും.

കേരളം നേരത്തേ വാഗ്ദാനം ചെയ്ത തുക കൈമാറിയാല്‍ അതിവേഗം പ്രവൃത്തി നടക്കും. എന്നിരിക്കേ റെയില്‍വേ വിഷയത്തില്‍ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *