കല്‍പ്പറ്റ: വയനാട് പാർലമെന്‍റ് മണ്ഡലം ഉപ തെരഞ്ഞെടുപ്പ് പ്രചാരണം സുല്‍ത്താൻ ബത്തേരിയില്‍ 16, 17 തീയതികളില്‍ നടക്കുന്ന കെപിസിസി നേതൃ ക്യാമ്പിനു ശേഷം യുഡിഎഫ് തുടങ്ങും. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് മഹാഭൂരിപക്ഷം ഉറപ്പാക്കുന്നതിനുള്ള തന്ത്രങ്ങളും നേതൃ ക്യാമ്പ് ചർച്ച ചെയ്യും.
ഐഐസിസി, കെപിസിസി ഭാരവാഹികള്‍, കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍, എംപിമാർ, എംഎല്‍എമാർ ഉള്‍പ്പെടെ 123 പേരാണ് നേതൃ ക്യാമ്പിൽ പങ്കെടുക്കുന്നത്. നിയുക്ത സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ക്യാമ്പിൽ സാന്നിധ്യം അറിയിക്കുമോ എന്നതില്‍ ഉറപ്പില്ലെന്നു കെപിസിസി നിർവാഹക സമിതിയംഗം കെ.എല്‍. പൗലോസ് പറഞ്ഞു. പ്രിയങ്ക ഗാന്ധി എത്തിയാല്‍ അവർ ആയിരിക്കും ക്യാമ്പ് ഉദ്ഘാടക. പ്രിയങ്ക ഗാന്ധിക്കു കുറഞ്ഞത് അഞ്ച് ലക്ഷം വോട്ട് ഭൂരിപക്ഷം സമ്മാനിക്കണമെന്ന ചിന്തയിലാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതൃത്വം. ക്യാമ്പിനു പിന്നാലെ ബൂത്ത് കമ്മിറ്റികളെ സജീവമാക്കി നിരന്തര ഭവന സന്ദർശനം ഉള്‍പ്പെടെ നടത്തി പരമാവധി വോട്ട് സമാഹരിക്കാനാണ് കോണ്‍ഗ്രസ് പദ്ധതി. മുസ്ലിംലീഗ് ഉള്‍പ്പെടെ ഘടകകക്ഷികളുടെ പൂർണ പിന്തുണയും ഇക്കാര്യത്തില്‍ ഉറപ്പുവരുത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 3,64,422 വോട്ടായിരുന്നു യുഡിഎഫ് സ്ഥാനാർഥിയും ഇന്ത്യാ സഖ്യം നായകനുമായ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം.