ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍: ടി. സിദ്ദിഖ് എംഎല്‍എ നിവേദനം നല്‍കി

കല്‍പ്പറ്റ: ജില്ലയില്‍ വനം-വന്യജീവി വകുപ്പിനു കീഴിലുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് അടിയന്തര ഇടപെടല്‍ തേടി ടി. സിദ്ദിഖ് എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന്‍, വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന്‍, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ക്ക് നിവേദനം നല്‍കി. ജില്ലയില്‍ വനംവകുപ്പിനു കീഴിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ ഫെബ്രുവരി 17 മുതല്‍ അടഞ്ഞുകിടക്കുകയാണ്.

കാട്ടാന ആക്രമണത്തില്‍ കുറുവ വന സംരക്ഷണ സമിതി താത്കാലിക ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോള്‍ കൊല്ലപ്പെട്ടതിനുശേഷമാണ് കേന്ദ്രങ്ങള്‍ അടച്ചത്. ഇതിനു പിന്നാലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിനു ഹൈക്കോടതി വിലക്കും ഉണ്ടായി. കോടതി വിലക്ക് നീക്കുന്നതിനു സര്‍ക്കാര്‍ ഭാഗത്ത് ഇടപെടല്‍ ഉണ്ടാകണം.ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടത് നൂറുകണക്കിനു ആളുകളെയാണ് ബാധിച്ചത്. ഓരോ കേന്ദ്രത്തിലെയും താത്കാലിക ജീവനക്കാര്‍, സംരംഭകര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, ഗൈഡുകള്‍ തുടങ്ങിയവരുടെ ഉപജീവനമാര്‍ഗം അടഞ്ഞു.

ഗോത്ര വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരും സാമ്പത്തികപ്രയാസം അനുഭവിക്കുന്നവരുമാണ് കേന്ദ്രങ്ങളിലെ താത്കാലിക ജീവനക്കാരില്‍ അധികവും. ബാങ്ക് വായ്പയെടുത്ത് സംരംഭം തുടങ്ങിയവര്‍ തിരിച്ചടവിന് ഗതിയില്ലാതെ വലയുകയാണ്. സെന്ററുകള്‍ അടഞ്ഞുകിടക്കുന്നത് ജില്ലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറയുന്നതിനും കാരണമായി. പൂട്ടിക്കിടക്കുന്ന കേന്ദ്രങ്ങളിലെ താത്കാലിക ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *