ആഗസ്റ്റ് ഏഴിനാരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിനുള ഇന്ത്യൻ എ വനിതാ ടീമിനെ വയനാട്ടുകാരി മിന്നു മണി നയിക്കും. മറ്റൊരു വയനാട്ടുകാരി ഓൾറൗണ്ടർ സജന സജീവനും ടീമിലിടം നേടി. മൂന്ന് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഒരു ചതുർദിന മത്സരവുമാണ് ഇന്ത്യ എ ടീമും ഓസ്ട്രേലിയ എ ടീമുമായി കളിക്കുക. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ ആണ് ടൂർണമെന്റ് നടക്കുന്നത്. ടീമിലിടം നേടിയ രണ്ടു മലയാളികളും വയനാട്ടുകാരാണ്. 42-ാം വാർഷികം ആഘോഷിക്കുന്ന വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് അഭിമാന നേട്ടമാണിത്.