കാലവര്‍ഷം: വയനാട്ടില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കല്‍പ്പറ്റ: ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വയനാട്ടില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നൂല്‍പ്പുഴ വില്ലേജിലെ മുത്തങ്ങ ചുണ്ടക്കുനി, ചെട്ട്യാലത്തൂര്‍, തിരുവണ്ണൂര്‍ അങ്കണവാടികളിലാണ് ക്യാമ്പ് ആരംഭിച്ചത്. മൂന്നു ക്യാമ്പിലുമായി 13 കുടുംബത്തിലെ 42 പേരുണ്ട്. ചുണ്ടക്കുനി ക്യാമ്പിലേക്ക് പ്രദേശത്തെ ഏഴ് ആദിവാസി കുടുംബത്തെയാണ് മാറ്റിയത്. 10 പുരുഷനും 11 സ്ത്രീയും നാല് കുട്ടിയും അടക്കം 25 പേരാണ് ക്യാമ്പില്‍.

ചെട്ട്യാലത്തൂര്‍ ക്യാമ്പില്‍ മൂന്നു കുടുംബത്തിലെ നാല് പുരുഷനും ഏഴ് സ്ത്രീയും ഒരു കുട്ടിയുമടക്കം 12 പേരാണുള്ളത്. തിരുവണ്ണൂര്‍ ക്യാമ്പില്‍ രണ്ട് കുടുംബമുണ്ട്. ഒരു പുരുഷനും മൂന്നു സ്ത്രീയും ഒരു കുട്ടിയുമാണ് ക്യാമ്പില്‍. മൂന്നു ദിവസമായി ജില്ലയില്‍ പരക്കേ മഴ ലഭിക്കുന്നുണ്ട്. തോടുകളും പുഴകളും നിറഞ്ഞൊഴുകയാണ്. നൂല്‍പ്പുഴ വില്ലേജിലെ കല്ലൂര്‍ പുഴ തിങ്കളാഴ്ച രാത്രി കരകവിഞ്ഞു. പുഴയോരത്തെ പുഴങ്കുനിയിലുള്ള ഏഴ് കുടുംബത്തെ രാത്രിതന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *