വെള്ളമുണ്ട: ലോക പാമ്പ്ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സീനിയർ സ്നേക് റെസ്‌ക്യുവർ വി.പി സുജിത്തിനു ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ ഗ്രമാദരം നൽകി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പൊന്നാട അണിയിക്കുകയും ഡിവിഷന്റെ ഗ്രാമാദരപത്രം കൈമാറുകയും ചെയ്തു.
വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ എം.മോഹനകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. എം. സുധാകരൻ, മിഥുൻ മുണ്ടക്കൽ, എം നാരായണൻ, സി. എച്ച്. ഹംസ തുടങ്ങിയവർ സംസാരിച്ചു.പേര്യ വരയാൽ കാപ്പാട്ടുമല സ്വദേശിയായ സുജിത്ത് പാമ്പുമായുള്ള സഹവാസം തുടങ്ങിയിട്ട് 40 വർഷം പിന്നിടുകയാണ്. ഇതിനകം 20000 പാമ്പുകളെ പിടിച്ച് പാമ്പിന്റെ ആവാസ ഇടങ്ങളിലേക്ക് പുനരധിവസിപ്പിക്കാൻ സാധിച്ചു. നോർത്ത് വയനാട് വനം ഡിവിഷനിലെ സ്നേക് റെസ്‌ക്യുവറായി സേവനമനുഷ്ഠിക്കുകയാണ് ഇപ്പോൾ.
ദീർഘ നാളെത്തെ കർമ്മ മേഖലയിലെ സാന്നിധ്യത്തിന് അർഹമായ അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് സുജിത്. ജൂലൈ 16 നാണ് ലോക പാമ്പു ദിനമായി ആചരിക്കുന്നത്. പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ജില്ലയിൽ ഇപ്പോൾ വിരളമാണ്. പൊതുജനങ്ങൾ പാമ്പ് സാന്നിധ്യം അറിയിച്ചാൽ ഞൊടിയിടയിൽ രക്ഷകനായി അവർക്കിടയിൽ സുജിത് എത്തിച്ചേരും.