സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്ത് ആരോഗ്യവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല. കെപിപിസി നേതൃക്യാമ്പില്‍ പങ്കെടുക്കുന്നതിനു സപ്ത റിസോര്‍ട്ടില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. മഴക്കാലം ആരംഭിച്ചതോടെ കേരളം പനിക്കിടക്കയിലാണ്. എന്നാല്‍ മതിയായ ചികിത്സാ സൗകര്യം ഒരുക്കാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നില്ല. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ആവശ്യത്തിന് ഇല്ലാത്തതും മരുന്ന് ദൗര്‍ലഭ്യവും രോഗികളെ വലയ്ക്കുകയാണ്.
പിഎച്ച്‌സി ഉള്‍പ്പെടെ ആതുരാലയങ്ങളില്‍ ചികിത്സ ലഭ്യമല്ലാത്ത അവസ്ഥയാണ്. വിഷയത്തില്‍ അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണം. ജനങ്ങള്‍ക്കാവശ്യമായ സൗകര്യം ഒരുക്കാന്‍ തയാറാകണം. കേരളത്തില്‍ മാലിന്യം കുന്നുകൂടിയ അവസ്ഥയാണ്. മഴക്കാലപൂര്‍വ ശുചീകരണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രി തിരുവനന്തപുരത്ത് പത്രസമ്മേളനം വിളിച്ചാല്‍ മാത്രം പ്രശ്‌നത്തിന് പരിഹാരമാവില്ല. ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു