ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും പട്ടികവര്‍ഗ്ഗ- പട്ടികജാതി പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവും. കണിയാമ്പറ്റ ജി.യു.പി.സ്‌കൂള്‍, കൈതക്കല്‍ ജി.എല്‍.പി.സ്‌കൂള്‍, പൂതാടി എസ്.എന്‍ എച്ച്.എസ്. സ്‌കൂളുകളിലെ ക്യാമ്പുകളാണ് മന്ത്രിമാര്‍ സന്ദര്‍ശിച്ചത്. ക്യാമ്പുകളില്‍ എത്തിയ മന്ത്രിമാര്‍ ക്യാമ്പുകളില്‍ കഴിയുന്നവരോട് സംസാരിക്കുകയും സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു.

വകുപ്പുകള്‍ കൃത്യസമയങ്ങളില്‍ ഇടപെടല്‍ നടത്തുന്നത് സംബന്ധിച്ചും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ക്യാമ്പില്‍ ലഭിക്കുന്നുണ്ടോയെന്ന് ക്യാമ്പുകളിലെ ആളുകളോട് ചോദിച്ചറിഞ്ഞു. കണിയാമ്പറ്റ ജി.യു.പി.സ്‌കൂളിലെ ക്യാമ്പില്‍ എത്തിയ മന്ത്രി എ.കെ ശശീന്ദ്രന്‍ ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. വൈത്തിരി താലൂക്കിലെ കണിയാമ്പറ്റ ഗ്രാമപഞ്ചാത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട ചിറ്റൂര്‍, ചൊവ്വണ്ടേരി, ചീങ്ങാടി, കാവുവയല്‍ കോളനികളിലെ 48 പുരുഷമാരും 56 സ്ത്രീകളും 21 കുട്ടികളും 3 പ്രായമായവരും 1 ഗര്‍ഭിണിയും ഉള്‍പ്പെടെ 129 അംഗങ്ങളാണ് കണിയാമ്പറ്റ ജി.യു.പി.സ്‌കൂളിലെ ക്യാമ്പിലുള്ളത്.

മാനന്തവാടി താലൂക്കിലെ കൈതക്കല്‍ ജി.യു.പി സ്‌കൂളിലെ ക്യാമ്പില്‍ 30 കുടുംബങ്ങളിലെ 49 പുരുഷന്‍മാരും 47 സ്ത്രീകളും 27 കുട്ടികളും ഉള്‍പ്പടെ 123 അംഗങ്ങളാണ് കഴിയുന്നത്.

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പൂതാടി എസ്.എന്‍ എച്ച്.എസ് സ്‌കൂളുകളിലെ ക്യാമ്പില്‍ 6 കോളനികളിലെ 37 കുടുംബങ്ങളിലെ 43 പുരുഷന്‍മാരും 50 സ്ത്രീകളും 41 കുട്ടികളും ഉള്‍പ്പടെ 134 അംഗങ്ങളുമാണുള്ളത.

മൂന്ന് ക്യാമ്പുകളിലെയും പ്രവര്‍ത്തനങ്ങളും ആവശ്യമായ ക്രമീകരണങ്ങളും മന്ത്രിമാര്‍ വിലയിരുത്തി. എ.ഡി.എം കെ. ദേവകി, അസിസ്റ്റന്റ് കളക്ടര്‍ ഗൗതംരാജ്, ഹുസൂര്‍ ശിരസ്തദാര്‍ വി.കെ ഷാജി എന്നിവരും മന്ത്രിമാരുടെ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *