കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ അടിയന്തര ഇടപെടൽ
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, ചികിത്സ, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുമായി നടന്ന മഴക്കാല പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 42 ക്യാമ്പുകളില്‍ 2305 പേരാണ് താമസിക്കുന്നത്. ക്യാമ്പുകളിലെല്ലാം മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ക്യാമ്പുകളിലും ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഏഴ് നദികളിലെ നീരൊഴുക്ക് സംബന്ധിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടം ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
ശക്തമായ മഴയിലും കാറ്റിലും കെഎസ്ഇബിയുടെ 560 പോസ്റ്റുകളും 2 ട്രാന്‍സ്‌ഫേര്‍മറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടാതെ കെഎസ്ഇബി ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഭരണകൂടവും ജലസേചന വകുപ്പുംകൃത്യമായി ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കര്‍ണാടക വ്യഷ്ടിപ്രദേശങ്ങളില്‍ മഴ കൂടുതലായി പെയ്യുന്നതിനാല്‍ നീരൊഴുക്ക് കൂടാന്‍ സാധ്യതയുണ്ട്. ജില്ലാ കളക്ടര്‍ കര്‍ണാടക ജില്ലാ ഭരണകൂടവും ജലസേചന വകുപ്പുമായി നിരന്തരം ബന്ധപ്പെടുകയും ഡാം തുറക്കലുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ലഭിക്കുന്നതിന് ഇടപെടലുകള്‍ നടത്തിയതായും മന്ത്രി അറിയിച്ചു.
സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ കോളനിയില്‍ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാനും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിന് മികച്ച പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയ ജില്ലാ ഭരണകൂടത്തെ മന്ത്രി അഭിനന്ദിച്ചു. കര്‍ണ്ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് വേങ്ങേരി സ്വദേശി അര്‍ജുന്റെയും കൂടെയുള്ളവരുടേയും ജീവന്‍ രക്ഷിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു. കര്‍ണ്ണാടക മുഖ്യമന്ത്രിക്കും റവന്യൂ വകുപ്പ് മന്ത്രിക്കും കത്തയച്ചു. ഇരു സംസ്ഥാനങ്ങളിലയും മുഖ്യമന്ത്രിമാരും റവന്യൂ – ഗതാഗത വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി തലത്തിലും ചര്‍ച്ചകള്‍ നടത്തി അടിയന്തിര നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അര്‍ജുന്റെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചതായും മന്ത്രി പറഞ്ഞു. മണ്ണിടിച്ചില്‍ നടന്ന സ്ഥലത്തേക്ക് കേരളത്തില്‍ നിന്നും എന്‍ഡിആര്‍എഫ്, നേവി ടീമുകളെയും വിദഗ്ധ പരിശീലനം ലഭിച്ച ഒരു എന്‍ഡിആര്‍എഫ് ടീമിനെയും അയക്കും. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ ഗൗതംരാജ്, എച്ച്.എസ് വി.കെ ഷാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.