ജില്ലയിൽ മികച്ച ശാസ്ത്രീയ മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് ഒരുവർഷം നീളുന്ന കർമ പദ്ധതികൾ തയാറാക്കി. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടന്ന പ്രൊജക്ട് ക്ലിനിക്കിൽ 65 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തത്. പ്രോജക്ട് ക്ലിനിക് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയന്റ് ഡയറക്ടർ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. മാലിന്യ മുക്തം നവകേരളത്തിന്റെ ഭാഗമായി സ്വച്ഛ് ഭാരത് മിഷൻ ഫണ്ട് 45 കോടി അടക്കമുള്ള തുക ഉപയോഗിച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
മാലിന്യസംസ്കരണ സംവിധാനങ്ങളുടെ സമ്പൂർണതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്തും വിധമാണ് കർമപദ്ധതി രൂപപ്പെടുത്തിയത്. വാതിൽപ്പടി ശേഖരണം 100 ശതമാനം ഇല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതിലേക്ക് ഉയർത്തുക, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുക, സംവിധാനങ്ങളുടെ ആധുനീകരണം, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ തടസ്സം കൂടാതെ നിരന്തരം നടക്കുന്നതാക്കുക, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഗുണപരത ഉറപ്പാക്കുക, മാലിന്യ സംസ്കരണത്തെ ആകർഷകമായ തൊഴിൽ മേഖലയാക്കി മാറ്റുക എന്നിവ ഉറപ്പാക്കും.
അസിസ്റ്റന്റ് ഡയറക്ടർമാരായ ജോമോൻ ജോർജ്ജ്, ഡോ അനുപമ, ജില്ലാ കോർഡിനേറ്റർ ഹർഷൻ എസ്, ക്യാമ്പയിൻ കോ കോർഡിനേറ്റർ എസ് ഷാജി, എൻഫോഴ്സ്മെന്റ് ജില്ലാ ലീഡർ പി.എൻ സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു. ജില്ലയിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.