‘പുതിയ പ്രൊപ്പോസല്‍ നല്‍കിയില്ല’;ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കടുത്ത അനാസ്ഥയെന്ന് കിഫ

കല്‍പ്പറ്റ: ബഫര്‍സോണ്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ പുതിയ പ്രൊപ്പോസല്‍ നല്‍കിയിട്ടില്ലന്ന് കര്‍ഷക സംഘടനയായ കിഫ. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച ലഭിച്ച വിവരാവകാശ രേഖയിലാണ് സംസ്ഥാനത്തിന്റെ അനാസ്ഥ വെളിപ്പെട്ടതെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ എല്ലാം ശരിയാക്കിയെന്ന് സംസ്ഥാനം അവകാശപ്പെടുമ്പോഴും 2022 ജൂണ്‍ 3 ലെ ഇടക്കാല വിധിക്കും, 2023 ഏപ്രില്‍ 26 ലെ അന്തിമ വിധിക്കും ശേഷം കേരള സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നതായി ഇവര്‍ പറഞ്ഞു.
സുപ്രീം കോടതിയും, കേന്ദ്ര സര്‍ക്കാരും ആണ് എല്ലാം തീരുമാനിക്കേണ്ടത് എന്ന പതിവ് പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരുന്ന കേരള സര്‍ക്കാര്‍, വന്യജീവി സങ്കേതങ്ങളുടെയും, ദേശീയ ഉദ്യാനങ്ങളുടെയും ഇ.എസ്.ഇസഡ് പരിധിയില്‍ വരുന്ന നിര്‍മ്മിതിയുടെ കണക്കെടുക്കാന്‍ പലതവണ മാപ്പ് പ്രസിദ്ധീകരിക്കുകയും കവലകളില്‍ കുടില്‍കെട്ടിവരെ സാധാരണക്കാരില്‍ നിന്നും രേഖകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊക്കെ പരിഗണിച്ച് ബഫര്‍ സോണ്‍ പരിധിയില്‍ വരുന്ന ജനവാസമേഖലകള്‍ ഒഴിവാക്കുന്നതിനായുള്ള പുതിയ പ്രൊപ്പോസലുകള്‍ ഒന്നും ഇതുവരെയും കേന്ദ്രത്തിന് കൊടുത്തിട്ടില്ലന്നാണ് കിഫ കൊടുത്ത വിവരാവകാശ അപേക്ഷക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ മറുപടിയെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഇ.എഫ് എല്‍ വിഷയത്തില്‍ എല്ലാം കേന്ദ്രത്തിന്റെ കൈയ്യിലാണന്നും, അവര്‍ പറഞ്ഞതുപോലെ ഞങ്ങള്‍ ചെയ്തു എന്നും പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന് കൈ കഴുകാനുള്ള അവസരം 2023 ഏപ്രില്‍ 26 ന് വന്ന സുപ്രീം കോടതി വിധിയോടെ ഇല്ലാതായി.
ഏപ്രില്‍ 26 ലെ വിധിയില്‍ വളരെ വ്യക്തമായി പറയുന്നത്, ഒരുകിലോമീറ്റര്‍ എന്ന രീതിയിലോ , അതല്ല ഇന്ത്യ മുഴുവന്‍ യൂണിഫോം ആയോ ഇക്കോ സെന്‍സിറ്റീവ് സോണ്‍ അടിച്ചേല്‍പിക്കാന്‍ സാധ്യമല്ല. ഓരോ സങ്കേതങ്ങള്‍ക്കും, ദേശീയ ഉദ്യാനങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കനുസരിച്ച് അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക്, അതാത് സങ്കേതങ്ങള്‍ക്ക് എത്രവരെ ഋടദ ആകാം എന്നും, അതല്ല മറ്റെന്തെങ്കിലും പ്രത്യേക സാഹചര്യങ്ങള്‍ ഉണ്ടങ്കില്‍ അത് എന്തുകൊണ്ട് സാധ്യമല്ല എന്ന് കാര്യകാരണങ്ങള്‍ സഹിതം മന്ത്രാലയത്തെ ബോധിപ്പിച്ചാല്‍ അതില്‍ ഇളവുകള്‍ നേടാം എന്നുമാണ്.
കൂടാതെ ഇ.എസ്.ഇസഡ് സംബന്ധിച്ച തീരുമാനം സംസ്ഥാനസര്‍ക്കാരിന്റെ അധികാര പരിധിയിലാണ് വരുന്നതെന്നും, ആയത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം എന്നും അര്‍ത്ഥശങ്കക്കിടയില്ലാതെ സുപ്രീം കോടതി വിധിന്യായത്തില്‍ എടുത്തുപറഞ്ഞിട്ടുമുണ്ട്. എന്നിട്ടും പൂര്‍ണമായി ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി പുതിയ പ്രോപ്പസലുകള്‍ സമര്‍പ്പിക്കാത്തത് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒളിച്ചുകളി വെളിവാക്കുന്നതാണ്. ബഫര്‍ സോണ്‍ അതിര്‍ത്തികള്‍ ഗ്രൗണ്ടില്‍ മാര്‍ക്ക് ചെയ്തു ജനങ്ങള്‍ക്ക് അത് പരിശോധിക്കുവാന്‍ അവസരം നല്‍കി, ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉള്‍പെടുത്തിയിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയതിനു ശേഷം മാത്രം ബഫര്‍ സോണുകളുടെ അന്തിമ വിഞാപനം ഇറക്കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കിഫ പി.ആര്‍.ഒ: പോള്‍ മാത്യു, കിഫ വയനാട് പ്രസിഡന്റ് എം. കെ കരുണാകരന്‍, ബത്തേരി എ.എല്‍.സി. പ്രസിഡന്റ് ഷിജു മത്തായി, കല്‍പ്പറ്റ എഎല്‍സി പ്രസിഡന്റ് സണ്ണി കടവന്‍, മാനന്തവാടി എഎല്‍സി പ്രസിഡണ്ട് മനു ജോര്‍ജ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *