ആദിവാസി ക്ഷേമ പദ്ധതികള്‍ ; അനാസ്ഥകള്‍ പാടില്ല മുന്‍ഗണന നല്‍കണം -മന്ത്രി ഒ.ആര്‍.കേളു

കൽപറ്റ: ഗോത്ര മേഖലയിലെ പദ്ധതി നിര്‍വഹണത്തില്‍ അനാസ്ഥകള്‍ പാടില്ലെന്നും മുന്‍ഗണന നല്‍കി വേഗത്തില്‍ യാഥാര്‍ഥ്യമാക്കണമെന്നും മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു. സംസ്ഥാനത്തെ ഗോത്രമേഖയിലെ പദ്ധതികളുടെ ജില്ലാ തലങ്ങളിലൂടെയുള്ള പ്രത്യേക അവലോകന യോഗം വയനാട് ജില്ലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗോത്ര മേഖലയുടെ സമഗ്ര വികാസത്തിനായി ഒട്ടേറെ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും വിവിധ വകുപ്പ്തല ഏകീകരണമില്ലാത്തതിനാല്‍ പദ്ധതികള്‍ ലക്ഷ്യത്തിലെത്തുന്നില്ല. ഇക്കാരണങ്ങളാല്‍ അര്‍ഹമായ പരിഗണന കിട്ടാതെ സമൂഹത്തിന്റെ ദുര്‍ബല വിഭാഗങ്ങള്‍ കഷ്ടതയനുഭവിക്കുകയാണ്. ഈ സാഹചര്യങ്ങള്‍ അടിമുടി മാറണം.

വകുപ്പുകള്‍ കൈകോര്‍ത്ത് ഈ മേഖലയിലെ പദ്ധതികള്‍ കാര്യക്ഷമമാക്കണം. അങ്ങേയറ്റം പരിഗണന ലഭിക്കേണ്ട വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ ഫയലില്‍ കെട്ടിക്കിടക്കുന്നത് ഭൂഷണമല്ല. അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം മുതല്‍ ഇതിനായി മാറണം. ഫണ്ടുകള്‍ അനുവദിച്ചിട്ടും കാര്യനിര്‍വഹണത്തിന്റെ വേഗതക്കുറവ് കാരണം തുക ലാപ്‌സായി പോകുന്ന സാഹചര്യങ്ങളുണ്ട്. ഇതെല്ലാം മാറണം.

ആദിവാസി വിഭാഗങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസുകളിലെത്തുമ്പോള്‍ അവരെ സ്വീകരിച്ച് അവര്‍ക്കുവേണ്ടത് ചെയ്തുകൊടുക്കാനുള്ള പരിശ്രമങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടാകണം. ഇവിടെ നിന്നും പരിഹാരങ്ങളില്ലെങ്കില്‍ മന്ത്രി തലത്തില്‍ ഇവരുടെ പരാതികള്‍ നേരിട്ട് കേള്‍ക്കാനുള്ള സംവിധാനങ്ങള്‍ പരിഗണനയിലുണ്ടെന്നും മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു.

ജില്ലകളിലൂടെയുള്ള അവലോകനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഇതിനു തുടര്‍ച്ചയായുള്ള ഓണ്‍ലൈന്‍ അവലോകന യോഗങ്ങള്‍ നടക്കും. പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതികള്‍ മാസം തോറും വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. ഐ.സി.ബാലകൃഷ്ണന്‍ എം എൽ എ അധ്യക്ഷത വഹിച്ചു. ഗോത് ദുര്‍ബല വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് അവലോകന യോഗം സ്വാഗതാര്‍ഹമാണെന്നും ഫണ്ട് വിനിയോഗത്തില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം, ഗോത്ര വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടലുകളുണ്ടാകണമെന്ന് അവലോകന യോഗത്തില്‍ പങ്കെടുത്ത ടി.സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.രേണുരാജ്, പട്ടികജാതി വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ, സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ ജി.പ്രമോദ്, അസിസ്റ്റന്റ് പട്ടികജാതി വികസന വകുപ്പ് ഓഫിസര്‍ ജി.ശ്രീകുമാര്‍ എന്നിവര്‍ വകുപ്പ് തല പദ്ധതികള്‍ സംബന്ധിച്ച വിശദീകരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *