ഉന്നതികളിലെ വികസന പ്രവർത്തനങ്ങൾ ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ഒ.ആർ കേളു

പൊഴുതന : സംസ്ഥാനത്തെ തിരഞ്ഞെടുത്ത പട്ടികജാതി ഉന്നതികളിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ഒ.ആർ കേളു പറഞ്ഞു. കൽപറ്റ നിയോജക മണ്ഡലത്തിലെ പൊഴുതന അഞ്ചാം വാർഡിലെ ആനോത്ത് അംബേദ്കർ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പദ്ധതി പ്രകാരം ലഭ്യമായ തുക വകയിരുത്തി വൈദ്യുതീകരണം, റോഡ് നിർമാണം, ടാങ്ക് – സംരക്ഷണ ഭിത്തി നിർമാണം തുടങ്ങിയ അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇരുപത്തിയഞ്ചോ അതിലധികമോ പട്ടികജാതി വിഭാഗം കുടുംബങ്ങൾ താമസിക്കുന്ന ഉന്നതികളിൽ ഒരു കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളാണ് പദ്ധതിയിലുള്ളത്.

പ്രവൃത്തിയുടെ നിർമാണ ചുമതല നിർമിതി കേന്ദ്രയ്ക്കാണ്. വകുപ്പ് നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾ സംബന്ധിച്ച് ആളുകൾക്ക് അറിവുണ്ടാകണമെന്നും ഇതിനായി പ്രമോട്ടർമാർ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഇടപെടൽ നടത്തണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 717 ഓളം പട്ടികജാതി – പട്ടികവർഗ വിദ്യാർഥികൾ വിദേശ രാജ്യങ്ങളിൽ ജോലിയിലും പഠനരംഗത്തും മികവ് പുലർത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ആനോത്ത് മൂവട്ടി അങ്കണവാടിയിൽ നടന്ന പരിപാടിയിൽ ടി സിദ്ധിഖ് എം.എൽ.എ അധ്യക്ഷനായി. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാല കൃഷ്ണൻ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, പ്രെമോട്ടർമാർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *