കല്‍പ്പറ്റ: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയുടെ മഞ്ഞാടിയിലെ ബ്രഹ്മഗിരി മലബാര്‍ മീറ്റ് ഫാക്ടറിയിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്തവര്‍ക്ക് ജാമ്യം ലഭിച്ചു. നെന്‍മേനി, ചീരാല്‍ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ശനിയാഴ്ച നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ഉള്‍പ്പെടെയുള്ളവരെയാണ് അമ്പലവയല്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ 46 പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. 10,000 രൂപ വീതം കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്.
പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസിനെ ആക്രമിച്ചതിനുമുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. ജാമ്യമില്ലാത്ത വകുപ്പുകളനുസരിച്ചുള്ള കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ഇന്നലെ രാവിലെ കൂട്ടത്തോടെ അമ്പലവയല്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയടക്കം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം രണ്ടു വാനുകളിലാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്.
മാര്‍ച്ചിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായിരുന്നു. ബാരിക്കേഡിനു നിസാര തകരാര്‍ പറ്റിയെന്നും ഇതിന്റെ പേരിലാണ് പോലീസ് കള്ളക്കേസ് എടുത്തതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.