പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ സജീവന്‍ കൊല്ലപ്പള്ളി പോലീസ് പിടിയില്‍. ഇന്ന്
രാത്രി എട്ടരയോടെ സജീവനെ ബത്തേരി കോട്ടക്കുന്നില്‍ വെച്ചാണ് പോലീസ് വാഹന പരിശോധനയില്‍ പിടികൂടിയത്. ഇയാള്‍ ഒളിവില്‍ താമസിച്ചത് ധര്‍മ്മസ്ഥലയിലാണെന്നും കീഴടങ്ങാന്‍ എത്തിയതാണെന്നുമാണ് സൂചന.
വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ സജീവന്‍ അടക്കം 10 പ്രതികളുണ്ട്. ബാങ്ക് മുന്‍ പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.കെ.അബ്രഹാം, ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി.രമാദേവി, മുന്‍ ഡയറക്ടറും നിലവില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ വി.എം. പൗലോസ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായ്പ ഇടപാടുകളിലെ ഇടനിലക്കാരനായിരുന്നു സജീവന്‍ കൊല്ലപ്പള്ളി എന്നാണ് പോലിസിനു ലഭിച്ചിരിക്കുന്ന സൂചനകള്‍. ബാങ്കില്‍ ഏകദേശം എട്ടു കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നതാണ് വിജിലന്‍സ് കണ്ടെത്തല്‍.
പണയവസ്തുവിന്റെ യഥാര്‍ഥ മൂല്യത്തിന്റെ അനേകം മടങ്ങ് തുക വായ്പ അനുവദിച്ചായിരുന്നു തട്ടിപ്പ്. അപേക്ഷകന്റെ പേരില്‍ അനുവദിക്കുന്ന വായ്പയുടെ സിംഹഭാഗം ബാങ്ക് ഡയറക്ടര്‍മാരുടെയും മറ്റും കൈകളിലാണ് എത്തിയത്. തട്ടിപ്പുപണത്തില്‍ 1.2 കോടി രൂപ കൊല്ലപ്പള്ളി സജീവന്റെ അക്കൗണ്ടില്‍ എത്തിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.