കല്‍പ്പറ്റ: ശ്രീചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും കേരള ആരോഗ്യവകുപ്പമായി ചേര്‍ന്ന് നടപ്പിലാക്കുന്ന മൊബൈല്‍ ടെലിഹെല്‍ത്ത് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റല്‍, അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ലഭ്യമാകും. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും സ്‌പെഷ്യലിസ്റ്റുകളുടെ സേവനം ലഭ്യമാകുക എന്ന ഉദ്ദേശത്തോടുകൂടെ നടപ്പിലാക്കുന്ന ഈ പദ്ധതി ജൂലൈ മുതല്‍ കല്‍പ്പറ്റയിലെ ഹോസ്പിറ്റലുകളില്‍ നടപ്പിലാക്കാന്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയം തൊടി മുജീബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ടെലി ഹെല്‍ത്ത് ഓറിയന്റേഷന്‍ യോഗം തീരുമാനിച്ചു. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം മാസത്തില്‍ ഒരു തവണ ആയിരക്കും മൊബൈല്‍ ടെലി ഹെല്‍ത്ത് സേവനം നടപ്പിലാക്കുക.കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി,ഓങ്കോളജി,ഡെര്‍മറ്റോളജി, ജനറല്‍ മെഡിസിന്‍, പള്‍മനോളജി തുടങ്ങിയ വിവിധ സ്‌പെഷലിസ്റ്റുകളുടെ സേവനം ടെലി മെഡിസിന്‍ യൂണിറ്റ് വഴി ലഭ്യമാകും. ചികിത്സ ആവശ്യമായവര്‍ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുഖേനയാണ് ഈ പദ്ധതിയില്‍ ചികിത്സ ലഭ്യമാകുന്നതിന് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. യോഗത്തില്‍ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രൊഫസര്‍ ഡോക്ടര്‍ ബിജു സോമന്‍ പദ്ധതി വിശദീകരണം നടത്തി. ബയോമെഡിക്കല്‍ എന്‍ജിനീയര്‍ സജിത്ത് ലാല്‍, കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോക്ടര്‍ ശ്രീകുമാര്‍, വയോമിത്രം ഡോക്ടര്‍ അതുല്യ അജയ്, ടെലി ഹെല്‍ത്ത് യൂണിറ്റ് സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.