വയനാട്: ദുരിതാശ്വാസ പ്രവർത്തനത്തങ്ങൾക്കായി ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാത 766ലെ രാത്രി യാത്രാ നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി ആളുകൾക്ക് എത്തുന്നതിനും അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും വേണ്ടി നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന രാജ്യസഭാംഗം ഹാരിസ് ബീരാന്റെ ആവശ്യമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് തള്ളിയത്.
നിലവിൽ കോഴിക്കോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്രക്ക് കേരള സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ കൊണ്ടുവരാൻ ബന്ദിപ്പൂർ വഴിയുള്ള രാത്രി യാത്ര അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹാരിസ് ബീരാൻ ആവശ്യപ്പെട്ടത്. പക്ഷേ, കടുവാ സങ്കേതത്തിലൂടെയുള്ള രാത്രി യാത്ര മൃഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അതുകൊണ്ട് ഇളവ് അനുവദിക്കാനാകില്ലെന്നും മന്ത്രി ഭുപേന്ദ്ര യാദവ് അറിയിക്കുകയായിരുന്നു.