മേപ്പാടി: മുണ്ടക്കൈ ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ കരുതലോടെ ചേര്‍ത്ത് പിടിക്കുകയാണ് ആയുഷ് വകുപ്പിലെ ആയുര്‍വേദ വിഭാഗം. ദുരന്തത്തിന്റെ ആദ്യദിനം തന്നെ മേപ്പാടി ദുരിതാശ്വസ ക്യാമ്പില്‍ അടിയന്തര ആയുര്‍വേദ ക്യാമ്പ് സജ്ജമാക്കി. തുടര്‍ന്ന് ക്യാമ്പുകളില്‍ രാവിലെ എട്ടു മണി മുതല്‍ ആറു മണി വരെയും കൂടുതല്‍ പേരുള്ള ക്യാമ്പുകളില്‍ രാത്രി പത്തു വരെയും ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ നിയോഗിച്ചു.
ആയുര്‍വേദ മരുന്നുകള്‍, ബാന്‍ഡേജിങ്, ഇന്‍ഫ്രാറെഡ് തെറാപ്പി തുടങ്ങിയ സേവനങ്ങളും നല്‍കിവരുന്നു. ക്യാമ്പുകളിലെ ഓരോ മുറികളിലും ഡോക്ടര്‍മാരെത്തി രോഗികളെ കണ്ടും പരിശോധനകള്‍ നടത്തിയും പ്രാഥമിക ചികിത്സ നല്‍കിയും വകുപ്പ് സജീവമാണ്. ചെറിയ ഒടിവ്, ചതവ് അടക്കമുള്ള പരിക്കുകള്‍ ചികിത്സിക്കുന്നതിനും മാനസിക പ്രയാസങ്ങള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നതിനും മരുന്നുകള്‍ക്കുമായി മറ്റു ജില്ലകളില്‍ നിന്നുള്‍പ്പെടെ പതിനേഴോളം സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ജില്ലയിലുണ്ട്.കൂടെയുണ്ട് ഞങ്ങൾ എന്ന പേരിൽ ടെലി കൗൺസിലിംഗ് സംവിധാനവും ഉരുക്കിയിട്ടുണ്ട്.
മുണ്ടക്കൈയില്‍ ആര്‍മി, എന്‍.ഡി.ആര്‍.എഫ്, പോലീസ് തുടങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രത്യേക ക്യാമ്പ് വഴി ആയുര്‍വേദ വൈദ്യ സഹായവും തെറാപ്പിസ്റ്റുകളുടെ സേവനവും ഉറപ്പു വരുത്തുന്നുണ്ട്. അവശ്യ ആയുര്‍വേദ മരുന്നുകള്‍, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ യഥാസമയം ജീവനക്കാരെ എത്തിക്കുന്നതിനായി മൂന്നു വാഹനങ്ങള്‍ എന്നിവയും നാഷണല്‍ ആയുഷ് മിഷന്‍ ഒരുക്കിയിരുന്നു. മേപ്പാടി ഗവ ആയുര്‍വേദ മൊബൈല്‍ ഡിസ്പെന്‍സറിയില്‍ ജീവനി എന്ന പേരില്‍ പഞ്ചകര്‍മ്മ തിയേറ്റര്‍ ഒരുക്കിയിട്ടുണ്ട്.
മറ്റുള്ള എല്ലാവരുടെയും ഇടപെടൽ പോലെ തന്നെ ആയുര്‍വേദ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്ളും പ്രശംസനീയവും മാതൃകാപരവുമാണെന്ന് ക്യാപിലെ ആയുർവേദ സേവനങ്ങൾ വിലയിരുത്തി കൊണ്ട് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.