ബത്തേരി: മുൻകാലങ്ങളെ അപേക്ഷിച്ച നേന്ത്രക്കായ്ക്കും ചെറുകായകൾക്കെല്ലാം ഇപ്പോൾ വിപണിയിൽ വൻവിലയാണ്. എന്നാൽ ഇതിൻ്റെ ഗുണം ജില്ലയിലെ വാഴ കർഷകർക്ക് ലഭിക്കുന്നില്ല. നേന്ത്രക്കായക്ക് കിലോയ്ക്ക് അമ്പത് രൂപ മുതൽ അമ്പത്തഞ്ച് രൂപവരെയും, ചെറുകായകൾക്ക് 35 രൂപ മുതൽ അമ്പതുരൂപ വരെയുമാണ് ജില്ലയിൽ ലഭിക്കുന്നത്. പക്ഷെ കൃഷി ചെയ്താൽ ഇവയൊന്നും കൃത്യമായി വിളവെടുക്കാൻ കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും കാരണം കർഷകർക്ക് സാധിക്കുന്നില്ല. കഴിഞ്ഞ വേനൽ കാലത്തുണ്ടായ ചൂടും അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിലും ഒപ്പമെത്തിയ മഴയിലും ജില്ലയിലെ വാഴകൃഷി വ്യാപകമായി നശിച്ചിരുന്നു. ഇതും വിലകൂടാൻ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. നിലവിൽ കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കണമെങ്കിൽ വേനൽകാല കൃഷി ചെയ്യാനുള്ള ജലസേചന സൗകര്യമൊരുക്കാനും വന്യമൃഗശല്യത്തിന് പൂർണമായ രീതിയിൽ പരിഹാരം കാണാനും അധികൃതർ ശ്രമിക്കണം.