ഉരുള്‍പൊട്ടലില്‍ തകർന്ന വയനാടിനെ പുനരുജ്ജിവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൈത്താങ്ങായി അസീർ പ്രവാസി സംഘം 9 ലക്ഷം രൂപ നല്‍കുമെന്ന് കേന്ദ്ര കമ്മിറ്റി വാർത്താകുറിപ്പില്‍ അറിയിച്ചു. അസീർ പ്രവാസി സംഘം ഓണം ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഏരിയകളില്‍ നടത്താനിരുന്ന പരിപാടികളെല്ലാം മറ്റിവെച്ച്, സംസ്ഥാന സർക്കാർ വയനാട്ടില്‍ നടപ്പാക്കുന്ന പുനരധിവാസ പാക്കേജിന്‍റെ ഭാഗമാകാൻ തീരുമാനിക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
വയനാട് ദുരന്തത്തില്‍ സകലതും നഷ്ടപ്പെട്ടവർക്കായി വിപുലമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും, തകർന്നടിഞ്ഞ ജനവാസ കേന്ദ്രങ്ങള്‍ക്ക് ബദലായി സുരക്ഷിതമായ സ്ഥലങ്ങള്‍ കണ്ടെത്തി ടൗണ്‍ഷിപ്പ് നിർമിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം ആശാവഹമാണ്. കേരളം കണ്ട ഏറ്റവും വലിയ മഹാദുരന്തത്തില്‍ രക്ഷാപ്രവർത്തനം നടത്തിയവരെ അഭിനന്ദിക്കുന്നതായും, മരണപ്പെട്ടുപോയവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കാളിയാകുന്നതായും അസീർ പ്രവാസി സംഘം പുറത്തിറക്കിയ വാർത്താകുറിപ്പില്‍ അറിയിച്ചു.