തിരുവനന്തപുരം: ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ആശങ്കയുണ്ടാക്കിയെന്ന് തൃശൂര്‍ മെത്രാപ്പൊലീത്ത യുഹാനോന്‍ മാര്‍ മിലിത്തിയോസ്. ഒരു സ്വകാര്യ വാര്‍ത്താചാനലിന്റെ പ്രത്യേക പരിപാടിയിലാണ് മെത്രാപോലീത്ത ആശങ്ക പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പ് കണ്ടുള്ള വിഭജന തന്ത്രമാണിതെന്നുംമെത്രാപ്പൊലീത്ത പറഞ്ഞു. മണിപ്പൂരില്‍ മിണ്ടാത്ത മോദിയാണ് സിവില്‍ കോഡിനെക്കുറിച്ച് പറയുന്നത്. രാജ്യത്തിന്റെ അടിത്തറക്ക് വിരുദ്ധമായ പ്രസ്താവന ഉണ്ടാകരുത്. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കരുതായിരുന്നു. വിഷയത്തില്‍ സുതാര്യത വരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണ്-മെത്രാപോലീത്ത പറഞ്ഞു.
രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നാണ് അടുത്തിടെ പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഭരണഘടനയും തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ സാധ്യമാകും? മുത്തലാഖിനെ പിന്തുണക്കുന്നവര്‍ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി പറഞ്ഞിരുന്നു.