കല്‍പറ്റ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണണമെന്ന് എ.കെ.എസ്.ടി.യു. വയനാട് ജില്ല നേതൃ പരിശീലന ക്യാമ്പില്‍ ആവശ്യമുയര്‍ന്നു. സ്‌കൂളുകള്‍ തുറന്ന് ഒരു മാസം കഴിയുമ്പോഴും ജില്ലയില്‍ നാഥനില്ലാതെ വിദ്യാഭാസ വകുപ്പ്. ഡി.ഡി.ഇ. ഓഫീസില്‍ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, സീനിയര്‍ സൂപ്രണ്ട്, നൂണ്‍ മീല്‍ സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളും ഡി.ഇ.ഒ. ഓഫീസില്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍, പി.എ. എന്നീ തസ്തികകളുമടക്കം ആറ് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇത് ജില്ലയില്‍ സൃഷ്ടിക്കുന്ന ഭരണ പ്രതിസന്ധി ചെറുതല്ല. ജില്ലാ പഞ്ചായത്ത്, ഡയറ്റ്, എസ്.എസ്.കെ. എന്നിങ്ങനെ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ട തസ്തികകള്‍ ആയിട്ടു കൂടി വേണ്ടത്ര ഗൗരവത്തില്‍ സര്‍ക്കാര്‍ ഇതിനെ കാണുന്നില്ല. അടിയന്തിരമായി ഈ തസ്തികകളില്‍ നിയമനം നടത്തി ജില്ലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു. സമയബന്ധിതമായി സ്‌കൂളുകളിലെ തസ്തിക നിര്‍ണയം പൂര്‍ത്തീകരിച്ച് ഒഴിവുകള്‍ നികത്തണമെന്നും എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ മുടങ്ങി കിടക്കുന്ന തസ്തികകള്‍ക്ക് നിയമനാംഗീകാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. എസ്.എസ്.എല്‍.സി. പൊതു പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഹയര്‍ സെക്കന്‍ഡറിയിലേതുപോലെ ഗ്രേഡിനു പുറമെ മാര്‍ക്ക് കൂടി രേഖപ്പെടുത്തുന്നതിന് നടപടിയുണ്ടാകണം. നിലവിലെ സാഹചര്യത്തില്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തില്‍ മാര്‍ക്ക് കൂടിയ കുട്ടികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാന്‍ ഇതിലൂടെ കഴിയും. കായിക മേളകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന തലത്തില്‍ നടപടി സ്വീകരിക്കണം. കഴിഞ്ഞ വര്‍ഷം പൊതു പരീക്ഷകള്‍ ആയിട്ടും ഗെയിംസ് മത്സരങ്ങള്‍ നടത്തി തീര്‍ക്കാന്‍ സാധിച്ചിട്ടില്ല. വിദ്യാവാഹിനി, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, യൂണിഫോം എന്നിവക്ക് സമയബന്ധിതമായി ആവശ്യത്തിന് തുക അനുവദിക്കണമെന്നും പഠനക്യാമ്പില്‍ ആവശ്യമുയര്‍ന്നു. ക്യാമ്പ് സി.പി.ഐ. ജില്ല സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.കെ. സുധാകരന്‍ സംഘടനാ രംഗം സംബന്ധിച്ച് ക്ലാസ് നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്റ്റാന്‍ലി ജേക്കബ്, രാജീവന്‍ പുതിയേടത്ത് സംസാരിച്ചു. ജിത്തു പോള്‍, ബെന്നി തോമസ്, ജോണി ജി.എം, മാഗ്ദലീന്‍ എഫ്.ബി., മനോജ് മോന്‍, ജിത്തു രാജ്, മനോജ് സി. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് കെ. സജിത്ത് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ക്യാമ്പില്‍ ജില്ല സെക്രട്ടറി ശ്രീജിത്ത് വാകേരി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് വി.ആര്‍. പ്രകാശന്‍ നന്ദിയും പറഞ്ഞു.