അര്‍ജ്ജുൻ്റെ ലോറിയില്‍ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു, ബോട്ടിലേക്ക് മാറ്റി; വിദഗ്ദ്ധ പരിശോധനക്ക് അയക്കും

തിരുവനന്തപുരം: ഷിരൂരില്‍ കണ്ടെത്തിയ അർജ്ജുൻ്റെ ലോറിയുടെ കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനില്‍ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയക്കും.

എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു. സുരക്ഷിതമായി ഇതില്‍ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയില്‍ കിടന്നതിനാല്‍ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്. സിപി 2വില്‍ നിന്നാണ് ലോറി കണ്ടെടുത്തത്. ജലോപരിതലത്തില്‍ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്.

ജൂലൈ 16 നാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത് – അന്ന് രാവിലെ 8.45 നാണ് അർജ്ജുനെ കാണാതായത്. ജൂലൈ 23 ന് റഡാർ, സോണാർ സിഗ്നലുകളില്‍ ലോറിയുടേത് എന്ന് കരുതപ്പെടുന്ന ലോഹഭാഗത്തിന്‍റെ ശക്തമായ സിഗ്നലുകള്‍ കിട്ടിയിരുന്നു. നദിയുടെ നടുവില്‍ മണ്‍കൂനയ്ക്ക് അടുത്ത് സിപി 4 ല്‍ അത് മാർക്ക് ചെയ്തു. ജൂലൈ 28 – ശക്തമായ മഴയും ഒഴുക്കും കാരണം തെരച്ചില്‍ നിർത്തിവയ്ക്കണ്ടി വന്നു. ഓഗസ്റ്റ് 14- രണ്ടാം ഘട്ട തെരച്ചില്‍ തുടങ്ങി. ഓഗസ്റ്റ് 17- ശക്തമായ മഴയും അടിയൊഴുക്കും കാരണം തെരച്ചില്‍ തുടരാനായില്ല. ഡ്രഡ്ജർ കേരളത്തില്‍ നിന്ന് കൊണ്ടുവരാൻ കഴിഞ്ഞില്ല. ഈശ്വർ മാല്‍പെ അടക്കമുള്ളവരും ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലും തെരച്ചിലിന് ഇറങ്ങിയെങ്കിലും നദിയുടെ അടിത്തട്ടില്‍ മരങ്ങളും പാറക്കെട്ടുകളും വന്നടിഞ്ഞ സ്ഥിതിയിലായിരുന്നു. ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതിനാല്‍ അധികം ആഴത്തിലേക്ക് പോകാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *