മാനന്തവാടി: മതസൗഹാർദം ഊട്ടിഉറപ്പിക്കാനും സാഹോദര്യം മുറുകെ പിടിക്കാനും സമൂഹം തയാറാകണമെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. തൃശ്ശിലേരിയുടെ മത സൗഹാർദം രാജ്യത്തിന് മാതൃകയാണെന്ന് മലബാർ ഭദ്രാസനാധിവൻ ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപോലീത്ത അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
തൃശ്ശിലേരിയുടെ മണ്ണ് മത സൗഹാർദത്തിൻ്റെയും മാനവ സ്നേഹത്തിൻ്റെയും മണ്ണാണെന്ന് ബിഷപ് പറഞ്ഞു. ബസേലിയൻ പുരസ്കാരം തൃശ്ശിലേരി ബഡ്സ് സ്കൂളിനും ബസേലിയൻ പ്രതിഭ പുരസ്കാരം തിരുനെല്ലി അഗ്രൊ പ്രൊഡക്ഷൻ കമ്പിനി സിഇഒ രാജേഷ് കൃഷ്ണയ്ക്കും എക്സലൻസ് പുരസ്കാരം മിഥുൻ എൽദൊ പുളിക്കക്കുടിയ്ക്കും സമ്മാനിച്ചു. യൂത്ത് അസോസിയേഷൻ ഭദ്രാസന കമ്മിറ്റി തയാറാക്കിയ രക്തദാന ഡയറക്ടറിയുടെ പ്രകാശനവും ചടങ്ങിൽ നടന്നു.
വികാരി ഫാ. ഷിൻസൺ മത്തായി മത്തോക്കിൽ, ഫാ. തോമസ് നെടിയവിള, ഫാ. സിനു ചാക്കോ, തിരുനെല്ലി പഞ്ചായത്ത് അംഗം വി. ബേബി, തൃശ്ശിലേരി ശിവ ക്ഷേത്രം പ്രതിനിധി കെ.വി. സുരേന്ദ്രൻ, തൃശ്ശിലേരി ജുമാമസ്ജിദ് പ്രസിഡൻ്റ് റഷീദ് തൃശ്ശിലേരി , തൃശ്ശിലേരി സിഎസ്ഐ പള്ളി വികാരി ഫാ. സി.ജെ. ജോൺസൻ, തൃശ്ശിലേരി ആർസി പള്ളി വികാരി ഫാ. പ്രകാശ് വെട്ടിക്കൽ, യാക്കോബായ സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.എം. നിശാന്ത് എന്നിവർ പ്രസംഗിച്ചു.
തൃശ്ശിലേരി ശിവ ക്ഷേത്രം പ്രതിനിധികളും, തൃശ്ശിലേരി ജുമാമസ്ജിദ് പ്രതിനിധികളും നേർച്ച ഭക്ഷണത്തിനുള്ള അരി പള്ളി ഭാരവാഹികൾക്ക് കൈമാറി. പെരുന്നാൾ ദിനങ്ങളിൽ ബഡ്സ് സ്കൂൾ സന്ദർശനം, രക്തദാനം, സൺഡേ സ്കൂൾ വാർഷികം തുടങ്ങിയ പരിപാടികൾ നടക്കും. പ്രധാന തിരുനാൾ ദിനങ്ങൾ 3, 4 തീയ്യതികളിലാണ്. 3ന് കുർബാന, കാൽ നട തീർത്ഥയാത്രക്ക് സ്വീകണം, പ്രദക്ഷിണം, സന്ധ്യാ പ്രാർത്ഥന എന്നിവ ഉണ്ടാകും. സമാപന ദിവസമായ 4 ന് മൂന്നിൻമേൽ കുർബാന, ചാരിറ്റി വിതരണം, ഓൺലൈൻ സുവിശേഷ ഗാന മത്സര വിജയികൾക്കുള്ള അവാർഡ് വിതരണം, കാക്കവയൽ കുരിശിങ്കലേക്ക് പ്രദക്ഷിണം, ലേലം, നേർച്ച ഭക്ഷണം കൊടിയിറക്കൽ എന്നിവയും നടക്കും. മലബാർ ഭദ്രാസനാധിവൻ ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപോലീത്ത മുഖ്യ കാർമികത്വം വഹിക്കും.