കൽപ്പറ്റ: മാറ്റപ്പെട്ട കാലാവസ്ഥയുടെ ജീവിച്ചിരിക്കുന്ന ദൃക്‌സാക്ഷികളാണ് നാമോരോരുത്തരും എന്നും മാറ്റപ്പെട്ട കാലാവസ്ഥ പൂർവസ്ഥിതി പ്രാപിക്കില്ലാത്തതിനാൽ വ്യക്തിപരമായും കൂട്ടമായും പ്രതിരോധിക്കാൻ തയ്യാറാകണം എന്നും ഡോ. അനിൽ സക്കറിയ പറഞ്ഞു. എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാനവും പ്രതിരോധ മാർഗങ്ങളും എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴ മേഘങ്ങളുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ മഴയെ മാറ്റിക്കഴിഞ്ഞു എന്നും ചൂട് കൂടുതൽ ആവുന്ന കടൽ കൂടുതൽ നീരാവി ഉണ്ടാക്കുകയും അവ കൂടുതൽ മഴക്ക് കാരണമാവുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്തു നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചു സ്ഥാപനത്തെ പ്രതിനിധീകരിച്ചു ഡോ. അഖിൽ സംസാരിച്ചു. ജന പങ്കാളിത്തത്തോടെയുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും എല്ലാ വിഭാഗത്തിലുള്ള ആളുകളെയും ഉൾക്കോള്ളിച്ചുകൊണ്ട് വേണം പദ്ധതികൾ ആവിഷ്കരിക്കാൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊഴുതന മേപ്പാടി പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായിട്ടാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്. പഞ്ചായത്തുകൾക്ക് എങ്ങനെയെല്ലാം പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയും എന്ന വിഷയത്തിൽ നന്ദകുമാർ സംസാരിച്ചു. കൂടാതെ, ഫണ്ടുകൾ നൽകുന്ന വിവിധ സർക്കാർ, സർക്കാരിതര സംഘടനകളെക്കുറിച്ചും അവയെ സമീപിക്കേണ്ട രീതികളെക്കുറിച്ചും ജോസഫ് ജോൺ സംസാരിച്ചു. പരിപാടിയിൽ മുഹമ്മദ് അനസ് സ്വാഗതവും സുജിത് മാരാത്ത് നന്ദിയും പറഞ്ഞു.