മാനന്തവാടി: മാസങ്ങളായി അടഞ്ഞു കിടക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനിരിക്കെ പാല്‍വെളിച്ചത്ത് നിന്നും കുറുവദ്വീപിലേക്കുള്ള പ്രവേശനം നിര്‍ത്തിവെക്കുന്നു. ഇതോടെ ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന പയ്യമ്പള്ളി പാല്‍വെളിച്ചം മേഖലയിലെ നിരവധി കുടുംബങ്ങള്‍ പ്രതിസന്ധിയിലാവുന്നതൊടൊപ്പം വടക്കെ വയനാട്ടിലെ ടൂറിസത്തിനും കനത്ത തിരിച്ചടിയാകും. കാട്ടാനയുടെ ആക്രമണത്തിൽ വന സംരക്ഷണ സമിതി ജീവനക്കാരൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സoഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി സ്വമേധയ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ച് പൂട്ടാൻ കഴിഞ്ഞ ഫെബ്രുവരിയിൽ നിർദ്ദേശം നൽകിയത്. നിരന്തരമായ ആവശ്യങ്ങളെ തുടർന്ന് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സെപ്തംബര്‍ അവസാനത്തിലാണ് ഹൈക്കോടതി കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കിയത്.
‘ഇത് പ്രകാരംസംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കുറുവദ്വീപിലേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ വനം വകുപ്പിന് മാത്രമെ അനുവാദമുള്ളു. നിലവില്‍ പാല്‍വെളിച്ചത്ത് നിന്നും ഡി ടി പി സിയും സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റെയ്ഞ്ചിൽപ്പെട്ട പാക്കം, ചെറിയമലയില്‍ നിന്നും വനസംരക്ഷണ സമിതിയുമായിരുന്നു ടിക്കറ്റ് നല്‍കി സഞ്ചാരികളെ വനത്തിനുള്ളിലെത്തിച്ചിരുന്നത്. 10 വയസ്സിന് മുകളിലുള്ളവർക്ക് ജി എസ് ടി ഉൾപ്പെടെ 110 രൂപയാണ് പ്രവേശന ഫീസ്, പാൽവെളിച്ചത്ത് ഡി ടി പി സിയാണ് സഞ്ചാരികളെ ചങ്ങാടത്തിൽ ദ്വീപിലെക്കെത്തിച്ചിരുന്നത്. ഇതിന് ഫെറി ചാർജായി ഡി ടി പി സിക്ക് ഒരാളിൽ നിന്ന് 29 രുപയാണ് വരുമാന ഇനത്തിൽ ലഭിച്ചിരുന്നത്. ബാംബു റാഫ്റ്റിങ്ങിനായി 5 പുതിയ ചങ്ങാടങ്ങളും ഡിടിപിസി ഇവിടെ പുതിയതായി നിർമ്മിച്ചിട്ടുണ്ട്.
10 കയാക്കിങ്ങ് വഞ്ചികൾക്ക് ഓർഡർ നൽകിയിട്ടുമുണ്ട്. ഹൈ ക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇനിയൊരറിയിപ്പ് വരെ പാല്‍വെളിച്ചത്ത് നിന്നും കുറുവയിലേക്കുള്ള പ്രവേശനം നിര്‍ത്തിവെക്കാനാണ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഞായറാഴ്‌ച ചെറിയ മലയിൽ ഔദ്യോഗിക യോഗം ചേർന്നതായും പറയപ്പെടുന്നുണ്ട്. നവംബർ ഒന്ന് മുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് യോഗത്തിൽ തീരുമാനിച്ചത്. സഞ്ചാരികളുടെ എണ്ണത്തിലും നിയന്ത്രണങ്ങലുള്ളതിനാല്‍ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ടിക്കറ്റ് നല്‍കി പാക്കം ചെറിയ മലയില്‍ നിന്ന് മാത്രം സഞ്ചാരികളെ പ്രവേശിപ്പിക്കും. ഇതോടെ പാല്‍വെളിച്ചത്ത് ഡി.ടി.പി.സിയുടെ പുഴയിലൂടെയുള്ള ചങ്ങാടസവാരിയും കയാക്കിംഗും മാത്രമായിരിക്കും സന്ദർശകർക്ക് ലഭ്യമാകുക. കുറുവയിലേക്കുള്ള പാല്‍വെളിച്ചം വഴിയുള്ള പ്രവേശനം നിലക്കുന്നതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരും.
ഇതോടെ ടൂറിസ്റ്റുകളെ മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളെ തീരുമാനം പ്രതികൂലമായി ബാധിക്കും. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടാക്‌സി വാഹനങ്ങള്‍ തുടങ്ങി കുറുവയെ മാത്രം മുന്നില്‍ കണ്ട് ബേങ്ക് വായ്പയെടുത്തും കുടുംബശ്രീ വായ്പയെടുത്തും സംരംഭങ്ങള്‍ തുടങ്ങിയവരാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. പ്രശ്നം ചർച്ച ചെയ്യാനായി നഗരസഭ അടിയന്തിര യോഗം ചേർന്നിരുന്നു. ഈ മാസം 11 ന് കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ നഗരസഭ കക്ഷി ചേരുമെന്ന് നഗരസഭ ഡെപ്യൂട്ടി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അറിയിച്ചു. അതെ സമയം മാസങ്ങൾക്ക് മുമ്പ് ചേർന്ന ബോർഡ് യോഗത്തിൽ കുറുവ വിഷയത്തിൽ കോടതിയിൽ കക്ഷി ചേരാൻ തീരുമാനിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ ഭരണ നേതൃത്വത്തിൻ്റെയും, അധികൃതരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകാത്തതാണ് നിലവിലെ സാഹചര്യങ്ങൾക്ക് കാരണമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.