തൃശ്ശൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ വെബ്‌സൈറ്റ് ലോഞ്ചിങ് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫ് നിര്‍വഹിച്ചു. ‘കേരളത്തിലെ മാത്രമല്ല ലോകത്തിന്റെ ഹൃദയം മുഴുവന്‍ വയനാടിനുവേണ്ടി മിടിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിപ്പോള്‍. അതിനാല്‍ ഈ വര്‍ഷത്തെ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ തീര്‍ച്ചയായും ആഘോഷമായിട്ടില്ല, സമാശ്വാസമായിട്ടാണ് സംഭവിക്കുക,’ സാറാ ജോസഫ് പറഞ്ഞു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും വയനാട് സാഹിത്യോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഡോ. വിനോദ് കെ. ജോസ്, എഴുത്തുകാരനും ക്യുറേറ്ററുമായ വി.എച്ച്. നിഷാദ്, ക്രിയേറ്റീവ് ഡയറക്ടര്‍ ജോജു ഗോവിന്ദ്, ചീഫ് ഡിസൈനര്‍ ജിജു ഗോവിന്ദന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള 250-ല്‍ പരം എഴുത്തുകാരും കലാകാരന്മാരും ആക്ടിവിസ്റ്റുകളും ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടിക്കടുത്ത് ദ്വാരകയില്‍ നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും. വയനാട് സാഹിത്യോത്സവത്തില്‍ പ്രവേശനം സൗജന്യമായിരിക്കും. ഡെലിഗേറ്റുകള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ 599 രൂപയ്ക്ക് ഡെലിഗേറ്റ് പാസ് സ്വന്തമാക്കാം.