ബത്തേരി: കാത്തിരിപ്പുകൾക്ക് ഒടുവിൽ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ .TG 434222 എന്ന നമ്പറിലുള്ള ടിക്കറ്റിന്. ബത്തേരിയിലെ എൻ.ജി.ആർ ലോട്ടറീസ് നടത്തുന്ന നാഗരാജ് ആണ് ടിക്കറ്റ് വിറ്റത്. താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് നാഗരാജ് പറഞ്ഞു. സ്വർഗ്ഗത്തിൽ പോയി വന്ന മാതിരി തോന്നുന്നു. നാഗരാജ് പ്രതികരിച്ചു. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും നാഗരാജ് പറഞ്ഞു. തനിക്കിപ്പോൾ കൂടുതലായി ഒന്നും പറയാൻ കഴിയുന്നില്ലെന്ന് നാഗരാജ് പറഞ്ഞു.
കർണാടകയിലെ മൈസൂര്‍ ജില്ലയില്‍ ഉള്‍സഗള്ളി സ്വദേശിയായ നാഗരാജൻ ജോലി തേടിയാണ് 15 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ എത്തിയത്. കൂലിപ്പണിക്കായാണ് അന്ന് കേരളത്തില്‍ വന്നത്. ആദ്യം ഒരു ഹോട്ടലിൽ ആയിരുന്നു നാഗരാജ് ജോലി ചെയ്തത്. 10 വർഷത്തോളം നിരവധി ലോട്ടറി കടകളിൽ നാഗരാജ് ജോലി ചെയ്തിട്ടുണ്ട്. 5 വർഷം മുമ്പ് സുൽത്താൻ ബത്തേരിയിലെ ബസ് സ്റ്റാന്‍റില്‍ കാല് വയ്യാത്ത ഒരാൾക്കൊപ്പം ഇയാൾ ലോട്ടറി വിൽപ്പന ആരംഭിച്ചു. സുൽത്താൻ ബത്തേരിയിലെ എംജി റോഡിലാണ് ഷോപ്പ്. നാഗരാജ് എന്ന പേരിലെ മൂന്ന് അക്ഷരങ്ങളാണ് കടയ്ക്കും കൊടുത്തിരിക്കുന്നത്.
ജൂലൈയിൽ ഇയാൾ വിറ്റ ടിക്കറ്റിന് 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ചിരുന്നു. വീണ്ടും വീണ്ടും ഭാഗ്യം നാഗരാജിനെ തേടി വരികയാണ്. അതിർത്തി പ്രദേശം ആയതിനാൽ മലയാളികൾ മാത്രമല്ല കർണാടക സ്വദേശികളും തമിഴ്നാട്ടുകാരും ഇവിടെ നിന്ന് ടിക്കറ്റ് എടുക്കാറുണ്ട്. പനമരത്തെ എസ് കെ ലോട്ടറി ഏജൻസി നടത്തുന്ന വിജീഷിൽ നിന്നാണ് നാഗരാജ് ഹോൾസെയിൽ ടിക്കറ്റ് വാങ്ങിയത്.