കൽപ്പറ്റ: എയ്ഡഡ് ജീവനക്കാരുടെ ശമ്പളം താമസിപ്പിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ വയനാട് സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. എയ്ഡഡ് വിദ്യാലയങ്ങളില്‍ സര്‍ക്കാരിന്റെ അമിതമായ ഇടപെടലുകള്‍ക്ക് അവസരമൊരുക്കുന്നതിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനമാണ് പുതിയ ഉത്തരവ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2013 ൽ ഉമ്മൻചാണ്ടി സർക്കാർ ജീവനക്കാർക്ക് നൽകിയ അവകാശമാണ് ഇല്ലാതാക്കിയത്. ട്രഷറികള്‍ ഡിജറ്റലൈസ് ചെയ്ത് സ്ഥാപന മേധാവികള്‍ക്ക് നേരിട്ട് ശമ്പള ബില്ലുകള്‍ സമര്‍പ്പിക്കാനുള്ള അനുമതിയും നല്‍കിയതോടെ സാങ്കേതികമായ നൂലാമാലകള്‍ ഒഴിവാക്കി അധ്യാപകര്‍ക്ക് സമയത്ത് ശമ്പളം മാറാൻ കഴിഞ്ഞിരുന്നു.
എല്ലാ വിഭാഗം ജീവനക്കാരെയും ഉപദ്രവിക്കുന്ന നയമാണ് സർക്കാർ നടപ്പിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ബിനീഷ് കെ ആർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സിജോ കെ പൗലോസ് അധ്യക്ഷത വഹിച്ചു. സജി വർഗീസ് സ്വാഗതവും നോബിൾ ജോസ് നന്ദിയും പറഞ്ഞു. ബിനോ ടി അലക്സ്, വിശ്വേഷ് വി ജി, മിനി തോമസ്, സ്മിത സി വി, തോമസ് വി ഡി. ടെറൻസ് ജേക്കബ്, മനോജ് വി ജെ, സുഭാഷ് കെ, രഘുലാൽ, സോണിയ തുടങ്ങിയവർ സംസാരിച്ചു.