കൽപ്പറ്റ: ഏറെ വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവില്‍ കുറുവ ദ്വീപിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം. പടമലയിലെ അജീഷ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 10ന് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ കുറുവയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിലച്ചിരുന്നു. പാക്കം വനസംരക്ഷണ സമിതി ജീവനക്കാരനായ വെള്ളച്ചാലില്‍ പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ച് പൂട്ടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതോടെ സഞ്ചാര വിലക്ക് നേരിട്ട കുറുവ ദ്വീപിലേക്ക് 250 ദിവസങ്ങള്‍ക്ക് ശേഷമാണ് സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കിയത്. പുൽപ്പള്ളി ചെറിയമല ഭാഗത്തുകൂടെ സഞ്ചാരികളെ ദ്വീപില്‍ എത്തിച്ച ശേഷവും പാല്‍വെളിച്ചം ഭാഗത്ത് കൂടെ പ്രവേശനം വൈകിയതില്‍ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തി.
കുറുവ ദ്വീപ് അടച്ചതോടെ നിരവധി കുടുംബങ്ങളാണ് പട്ടിണിയിലായത്. നാട്ടുകാര്‍ കര്‍മ സമിതി രൂപീകരിച്ച് പ്രക്ഷോഭവും ആരംഭിച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെ ഇടപെടലിലൂടെയാണ് ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും പ്രവേശന നിരക്ക് വര്‍ധിപ്പിച്ചും സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. കുറുവ ദ്വീപിലേക്ക് 400 പേര്‍ക്കുള്ള പ്രവേശനം വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാക്കം ചെറിയമല വഴി മാത്രം മതിയെന്ന തീരുമാനം കടുത്ത പ്രതിഷേധത്തിന് വഴി വച്ചിരുന്നു. കൽപ്പറ്റ ഡിഎഫ്ഒ ഓഫിസ് മാര്‍ച്ച് അടക്കമുള്ള ജനകീയ പ്രക്ഷോഭവും നടത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് പാല്‍വെളിച്ചം വഴിയും ചെറിയമല വഴിയും 200 പേരെ വീതം പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന ചങ്ങാടത്തിന്റെ നിരക്കിനെ ചൊല്ലി കുറവ ഡിഎംസിയും വനം വകുപ്പും തമ്മിലുള്ള അഭിപ്രായ ഭിന്നത തുടര്‍ന്നു.
ഇതിനെ ചൊല്ലി ദ്വീപിലേക്കുള്ള പ്രവേശനം വൈകിയത് സഞ്ചാരികളെ നിരാശയിലാക്കി. നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഉച്ചയോടെ പ്രവേശനം ആരംഭിച്ചു. രാവിലെ 9.30ന് പ്രവേശനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു എങ്കിലും ഉച്ചയ്ക്ക് ഒന്നോടെയാണ് സഞ്ചാരികളുമായുള്ള ആദ്യ ചങ്ങാടം കബനിനദി കടന്ന് ദ്വീപില്‍ എത്തിയത്. മുതിര്‍ന്നവര്‍ക്ക് 220 രൂപയും കുട്ടികള്‍ക്ക് 150 രൂപയും വിദേശികള്‍ക്ക് 440 രൂപയുമാണ് ജിഎസ്ടി അടക്കം പ്രവേശന നിരക്ക്. ഓണം, പൂജ അവധി സീസണുകള്‍ നഷ്ടമായെങ്കിലും കുറുവ ദ്വീപ് തുറന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കര്‍മ സമിതി ചെയര്‍മാന്‍ ഷിബു കെ. ജോര്‍ജ് പറഞ്ഞു.